election-2019

തിരുവനന്തപുരം: അങ്കം കുറിച്ചു. ഇനി രണാങ്കണത്തിൽ കാണാം. കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ച ഉഷ്‌ണതരംഗത്തെയും വെല്ലുന്ന പ്രചാരണ തരംഗത്തിന് തീകൂട്ടുകയാണ് മുന്നണികൾ.

കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി ആകെയുള്ളത് 43 ദിവസങ്ങൾ. ഒന്നര മാസത്തോളം പ്രചാരണാവേശത്തിന്റെ 'ടെംപോ' കാക്കുകയെന്ന ഭാരിച്ച ദൗത്യമാണ് മുന്നണികളുടെ ശിരസ്സിൽ. ഒരേസമയം അവർക്കിത് വെല്ലുവിളിയും അവസരവുമാകും.

ദേശീയരാഷ്ട്രീയത്തിലെ ചലനങ്ങളാകും പ്രചാരണരംഗത്ത് മുഖ്യ സ്വാധീന ഘടകമെങ്കിലും ശബരിമല തൊട്ട് നവകേരള നിർമ്മിതി വരെയുള്ള വിഷയങ്ങളുണ്ട്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ പരമാവധി ഏകീകരിക്കുകയെന്ന തന്ത്രം ഇടത്, വലത് മുന്നണികൾ പയറ്റുമ്പോൾ മതന്യൂനപക്ഷ വോട്ടർമാർ ആരെ തുണയ്ക്കുമെന്നതിലാണ് ഏറെ ആകാംക്ഷ. അതിനുള്ള അടവുകൾ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ മെനയുന്നുണ്ട്.

മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ പശുരാഷ്ട്രീയവും കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടും ഇടതുമുന്നണി ശക്തമായി ഉയർത്തിക്കാട്ടുമെന്ന് തീർച്ച. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ മതനിരപേക്ഷ ബദലിന്റെ മുഖ്യമുഖം കോൺഗ്രസാകും എന്നതിലൂന്നിയാകും യു.ഡി.എഫ് പ്രചാരണം.

നാമനിർദ്ദേശ പത്രിക ഏപ്രിൽ ആദ്യവാരത്തോടെ സമർപ്പിച്ചാൽ മതിയെന്നിരിക്കെ, പേരു പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥികൾ ഇതിനകം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വോട്ടർമാരെ നേരിട്ടുതന്നെ കണ്ട് പിന്തുണ തേടുന്ന തിരക്കിലാണ് എല്ലാവരും. ഇടതു മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്കും തുടക്കമിട്ടു. 20- നകം ബൂത്ത്തലം വരെയുള്ള സംഘടനാ സംവിധാനം പൂർണ്ണസജ്ജമാക്കുകയാണ് ലക്ഷ്യം.

യു.ഡി.എഫിൽ മുസ്ലിംലീഗും ആർ.എസ്.പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസിൽ അന്തിമസ്ഥാനാർത്ഥി പട്ടികയ്ക്കായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു. ഇന്നും നാളെയുമായി ചർച്ച പൂർത്തിയായേക്കും. സ്ഥാനാർത്ഥിചർച്ചകൾക്ക് സാവകാശമുണ്ടെങ്കിലും ഇടതുമുന്നണി ഇതിനകം രംഗത്തിറങ്ങിയ സ്ഥിതിക്ക് പട്ടിക വൈകാതിരിക്കാനുള്ള സമ്മർദ്ദം കോൺഗ്രസിനുണ്ട്. 13, 14 തീയതികളിൽ രാഹുൽഗാന്ധി കേരളത്തിലായതിനാൽ നാളെത്തന്നെ അന്തിമപട്ടിക പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.

എൻ.ഡി.എയിലും ഉടൻ അന്തിമചിത്രമാകും. ബി.ജെ.പി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായിക്കഴിഞ്ഞു. മൂന്നു മേഖലകൾ തിരിച്ച് മുതിർന്ന നേതാക്കൾ നടത്തിയ അഭിപ്രായ രൂപീകരണത്തിന്റെ അടിസ്ഥാനത്തിൽ അഖിലേന്ത്യാ നേതൃത്വത്തിന് സാദ്ധ്യതാപട്ടിക കൈമാറിക്കഴിഞ്ഞു. ഇന്ന് ബി.ജെ.പി കോർ കമ്മിറ്റി ചേരുന്നുണ്ട്. ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥിപ്പട്ടികയിലും ശ്രദ്ധേയമായ പേരുകളുണ്ടാകണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നു.

കണ്ണ് എവിടെയെല്ലാം?

എൽ.ഡി.എഫ്:

ദേശീയ രാഷ്‌ട്രീയ വിഷയങ്ങൾ, ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണം, കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട്

യു.ഡി.എഫ്:

ബി.ജെ.പിക്ക് എതിരെ ദേശീയതലത്തിൽ മതനിരപേക്ഷ ബദൽ, വിശ്വാസ സംരക്ഷണം, ന്യൂനപക്ഷ വോട്ടുകൾ

എൻ.ഡി.എ:

വികസനത്തിലെ മോദി മോഡൽ, ഹൈന്ദവ വോട്ടുകളുടെ ഏകീകരണം, മതന്യൂനപക്ഷ വോട്ട് സമാഹരണം

കേരളത്തിന്റെ വിരലടയാളം

ആകെ വോട്ടർമാർ: 2,​54,​08,​711

പുരുഷന്മാർ: 1,​22,​97,​403

സ്ത്രീകൾ: 1,​31,​11,​189

ട്രാൻസ്ജെൻഡർ: 119

പ്രവാസി വോട്ടർമാർ: 66,​584

പുരുഷന്മാർ: 62,​847

സ്ത്രീകൾ: 3729

ട്രാൻസ്ജെൻഡർ- 8