kamala

തിരുവനന്തപുരം: പ്രണയിനികളുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ആത്മനൊമ്പരം കാണികളിലേക്ക് പകർന്ന് 'കമല '. ജർമ്മൻ എഴുത്തുകാരൻ ഹെർമൻ ഹെസെയുടെ വിഖ്യാത നോവൽ 'സിദ്ധാർത്ഥ'യ്ക്ക് 'കമല'യെന്ന പേരിൽ നൃത്ത, നാട്യാവിഷ്‌കാരം അരങ്ങിലെത്തിച്ചാണ് പ്രവാസി യുവ കലാകാരി സ്‌നേഹ അജിത്തും സംഘവും സദസ് കീഴടക്കിയത്. ഹെർമൻ ഹെസേ 'സിദ്ധാർത്ഥ'യിൽ എഴുതാതെ പോയ കമലയുടെ ജീവിതമാണ് ബഹറിനിൽ നിന്നുള്ള മലയാളി കലാസംഘം അവതരിപ്പിച്ചത്. ടാഗോർ തിയേറ്ററിലെ പ്രൗഢ സദസ് നിറഞ്ഞ കൈയടികളോടെയാണ് 'കമല'യെ ഏറ്റെടുത്തത്. ലൗകിക ജീവിത നിഷേധത്തിലൂടെ സഞ്ചരിക്കുന്ന ഗൗതമ ബുദ്ധനും സുഖാസ്വാദനത്തിന്റെ നിസാരത വൈകി മനസിലാക്കി വീണ്ടും ആത്മപ്രകാശ സാക്ഷാത്കാരത്തിലേക്ക് വഴിമാറുന്ന ഹെസെയുടെ ആത്മസൃഷ്ടിയായ സിദ്ധാർത്ഥനും തമ്മിലുള്ള അന്തരമാണ് 'കമല'യിൽ ആവിഷ്‌കരിക്കുന്നത്. സിദ്ധാർത്ഥ ഉപേക്ഷിച്ച് പോകുന്ന കമലയുടെ വേദനയും സ്വത്വാന്വേഷണവും നൃത്തശില്പത്തിന്റെ കേന്ദ്ര പ്രമേയമാകുന്നു. വിഷാദയും ജീവിതാനുഭവം കൊണ്ട് കരുത്ത് നേടിയ പാത്രസൃഷ്ടിയാണ് 'കമല'യുടെത്. കമലയായി സ്‌നേഹ അജിത്തിന്റെ മികവുറ്റ പ്രകടനമാണ് നൃത്തശില്പത്തിന്റെ ഏറ്റവും ശ്രദ്ധേയ വശം. നൃത്തത്തിന്റെയും അഭിനയത്തിന്റെയും സാദ്ധ്യതകൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി സദസിന്റെ അഭിനന്ദനം നേടിയെടുക്കാൻ ഇൗ കലാകാരിക്കായി. ഒരു മണിക്കൂർ ദൈർഘ്യമുള്ള ആവിഷ്‌കാരം ഭരതനാട്യവും കുച്ചിപ്പുടിയും ചേർന്നുള്ള ശാസ്ത്രീയ നൃത്ത സങ്കേതത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇടയ്ക്ക് സംഭാഷണങ്ങളും വിവരണവും നാടകസങ്കേതവും കടന്നുവരുന്നുണ്ട്. ഒമ്പതു ഗാനങ്ങളാണ് നൃത്തശില്പത്തിൽ ഉപയോഗിച്ചിട്ടുള്ളത്. വിദ്യാ ശ്രീകുമാർ ആണ് ആശയവും സംവിധാനവും കൊറിയോഗ്രാഫിയും ചിട്ടപ്പെടുത്തിയിട്ടുള്ളത്. 'കമല'യ്ക്ക് നാടക രൂപാന്തരം നൽകിയത് ശ്രീകുമാർ രാമകൃഷ്ണനും ഗാനങ്ങൾ രചിച്ചത് ഡോ. സമ്പത്ത്കുമാറും സംഗീതം പാലക്കാട് ശ്രീറാമുമാണ്. ഇക്കഴിഞ്ഞ ജൂൺ 30ന് ബഹറിൻ കൾച്ചറൽ ഹാളിലായിരുന്നു 'കമല' ആദ്യമായി അരങ്ങേറിയത്.