വെഞ്ഞാറമൂട്: പിതാവിന്റെ മരണാനന്തര ചടങ്ങിന് പോവുകയായിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം പാങ്കോട് മൂലഞ്ചേരി ഹൗസിൽ താമസിക്കുന്ന അനീഷ് ചന്ദ്രൻ(41) ആണ് മരിച്ചത്. കെ.എസ്..ആർ.ടി.സി. ബസും കാറും കൂട്ടിയിച്ചാണ് മരണം. ഇന്നലെ രാവിലെ 5.30ന് എം.സി. റോഡിൽ വെഞ്ഞാറമൂടിനു സമീപം തൈക്കാട് ആയിരുന്നു അപകടം. അനീഷ് ഓടിച്ചിരുന്ന സ്വിഫ്റ്റ് കാർ തിരുവനന്തപുരത്തു നിന്ന് ആലുവയിലേക്കു പോവുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻവശം തകർന്ന് സ്റ്റിയറിംഗിനിടയിൽ കുടുങ്ങിയ അനീഷിനെ നാട്ടുകാരും ബസിലെ യാത്രക്കാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മദ്ധ്യേമരിച്ചു. അനീഷിന്റെ പിതാവ് ശശിധരൻ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മുംബയിൽ നിന്നെത്തിയ അനീഷ് നെയ്യാറ്റിൻകരയിലുള്ള കുടുംബ വീട്ടിൽ നടന്ന സംസ്‌കാരചടങ്ങുകളിൽ പങ്കെടുത്തിരുന്നു. തുടർന്ന് കോലഞ്ചേരിയിലുള്ള ഭാര്യാ വീട്ടിലേക്ക് പോയ അനീഷ് ഞായറാഴ്ച രാവിലെയുള്ള മരണാനാന്തര ചടങ്ങുകൾക്കായി നെയ്യാറ്റിൻകരയിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. പ്രീജയാണ് അനീഷ് ചന്ദ്രന്റെ ഭാര്യ. മൂന്ന് മാസം പ്രായമുള്ള അദ്വൈത മകൾ.