തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് നൽകിയ ആനുകൂല്യങ്ങൾ സ്വന്തം പേരിൽ ഫ്ളക്സടിച്ച് വയ്ക്കുന്ന വെറും ഫോട്ടോഷോപ്പ് എം.പിമാരാണ് ഇവിടെയുള്ളതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ തെക്കൻ മേഖലാപരിവർത്തനയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ തകർത്ത പ്രളയമുണ്ടായപ്പോഴും ജനങ്ങളെ വിഷമത്തിലാക്കിയ ശബരിമല പ്രശ്നമുണ്ടായപ്പോഴും എം.പിമാർ രംഗത്തുണ്ടായിരുന്നില്ല. ശശി തരൂരിനെപ്പോലുള്ളവർ ജർമ്മനിയിലായിരുന്നു. ശബരിമല പ്രശ്നത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കാനും അത് ലോക്‌സഭയിൽ ഉന്നയിക്കാനും ആരുമുണ്ടായില്ല. പകരം ചിലർ വിശ്വാസികൾക്ക് മാനസികവൈകല്യമാണെന്ന് പരിഹസിക്കുകയായിരുന്നു. ഇക്കുറി മോദിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് പൊതുതിരഞ്ഞെടുപ്പിൽ മത്സരം. മോദിയെ എതിർക്കുന്നവരുടെ ചേരിയിലാണ് കോൺഗ്രസും സി.പി.എമ്മും. അവർ കേരളം വിട്ടാൽ ഒരുമിച്ച് നിൽക്കും. അതിന്റെ സൂചനകൾ ബംഗാളിലും മറ്റും പരസ്യമായിക്കഴിഞ്ഞു. എന്തെല്ലാം കുപ്രചാരണങ്ങൾ നടത്തിയാലും കൂടുതൽ വോട്ടും സീറ്റും മോദി നേടും. കേരളത്തിലും ഇക്കുറി ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നും ബി.ജെ.പി പലയിടത്തും വിജയം നേടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ എതിർചേരികളിൽ വെപ്രാളമുണ്ടായെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു. നിയമസഭയിലേക്ക് ആദ്യ ബി.ജെ.പി പ്രതിനിധിയെ അയച്ച ജില്ലയിൽ നിന്ന് ലോക്സഭയിലേക്കും പ്രതിനിധിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന് ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് പറഞ്ഞു. യോഗത്തിൽ പാർട്ടി നേതാക്കളായ കരമന ജയൻ, പി. അശോക് കുമാർ, സി. ശിവൻകുട്ടി, പുഞ്ചക്കരി സുരേന്ദ്രൻ, എം.ആർ. ഗോപൻ, പി. സുധീർ, രഞ്ജിത്ത് ചന്ദ്രൻ, ജെ.ആർ. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.

മാർച്ച് 5ന് കാഞ്ഞിരപ്പള്ളിയിൽനിന്നു തുടങ്ങിയ പരിവർത്തനയാത്ര ഇന്നലെ രാവിലെ പാറശ്ശാലയിൽ നിന്നാരംഭിച്ച് കോവളം, വെങ്ങാനൂർ വഴിയാണ് നഗരത്തിലെത്തിയത്. കിള്ളിപ്പാലം ജംഗ്ഷനിൽ നിന്ന് നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ആനയിച്ചാണ് സമ്മേളനവേദിയിലെത്തിച്ചത്.