crime

പാറശാല: പാറശാലയ്ക്ക് സമീപം ഇഞ്ചിവിളയിൽ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് സി.പി.എം പ്രവർത്തകർക്കും മൂന്ന് ബി.ജെ.പി പ്രവർത്തകർക്കും പരിക്കേറ്റു. തലയിൽ വെട്ടേറ്റ എസ്.എഫ്.ഐ ജില്ലാകമ്മിറ്റി അംഗവും പാറശാല ഏരിയാപ്രസിഡന്റുമായ അബുതാഹിറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രാജാറാം,​ രവിനേഷ് എന്നിവർ പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് ബി.ജെ.പി പ്രവർത്തകരുടെ ബൈക്കുകൾ തകർത്തു. കഴിഞ്ഞ 7ന് ബി.ജെ.പിയുടെ കാൽനട പ്രചാരണജാഥയുടെ സമാപന യോഗം നടക്കുന്നതിനിടെ അതിർത്തിയിൽ ചെക്കുമൂട് വച്ചുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഇന്നലത്തെ ഇഞ്ചിവിളയിലെ സംഭവം. ഇന്നലെ രാവിലെ കാരാളിയിൽ വച്ച് ബി.ജെ.പി പ്രവർത്തകനായ പ്രവീണിനെ സി.പി.എമ്മുകാരായ ചിലർ മർദ്ദിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. ഇതിനെതിരെ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതിനായി ബി.ജെ.പിയുടെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ 12 പേർ ഇഞ്ചിവിളയിലെ ബി.ജെ.പി പ്രവർത്തകന്റെ വീട്ടിലെത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ സി.പി.എം പ്രവർത്തകർ വീടിന് നേരെ ആക്രമണം നടത്തിയെന്നാണ് ബി.ജെ.പി പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ ബി.ജെ.പി.പ്രവർത്തകർ തങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്നാണ് സി.പി.എം പ്രവർത്തകർ പറയുന്നത്. കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബി.ജെ.പി പ്രവർത്തകനായ അനിലിന്റെ വീടിന് നേരെ കല്ലേറുണ്ടായി. വീടിന് മുന്നിലുണ്ടായിരുന്ന കാറും റോഡിലെ ചില കടകളും കല്ലേറിൽ തകർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് സി.പി.എം പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. സ്ഥലത്ത് വൻ പൊലീസ് സംഘമെത്തി.