
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് ബുധനാഴ്‌ച രാഹുൽ ഗാന്ധിയുടെ പര്യടനത്തോടെ തുടക്കമാകും. 13 ന് എത്തുന്ന രാഹുൽ രണ്ടുദിവസം കേരളത്തിലുണ്ടാകും.
14-നു രാവിലെ 10-ന് തൃശൂർ തൃപ്രയാർ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഫിഷർമെൻ പാർലമെന്റിൽ സംബന്ധിക്കും. തുടർന്ന്, പുൽവാമയിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലെത്തും. അതിനുശേഷം, പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടംബാംഗങ്ങളെ സന്ദർശിക്കും.
വൈകുന്നേരം 3- ന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന ജനമഹാറാലിയെ രാഹുൽ അഭിസംബോധന ചെയ്യും. കോഴിക്കോട്, തൃശൂർ, വയനാട്, കാസർകോട് ഡി.സി.സി അദ്ധ്യക്ഷന്മാരുടെ മേൽനോട്ടത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എ.കെ.ആന്റണി, മുകൾ വാസ‌്നിക്, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.