കടൽത്തീരങ്ങളിലും കായൽ-നദീ തീരങ്ങളിലും നമ്മൾ ബീച്ചുകൾ കണ്ടിട്ടുണ്ട്. എന്നാൽ കടലിനു നടുവിലെ ഒരു ദ്വീപിലെ കുഴിയിൽ ഒളിച്ചിരിക്കുന്ന ഒരു രഹസ്യ കടൽത്തീരത്തെക്കുറിച്ച് അറിയുമോ? അതാണ് പ്ലയഡെൽ അമോർ. ഹിഡൻ ബീച്ച് എന്ന പേരിലും ഇത് അറിയപ്പെടുന്നു. മറ്റു ബീച്ചുകളിൽ ഉള്ളതുപോലെ തീരവും തിരമാലകളും എല്ലാം ഇവിടെയുമുണ്ട്.
മെക്സികോയിലെ മെരിയേറ്റ ദ്വീപിലാണ് മറഞ്ഞിരിക്കുന്ന ഈ അത്ഭുതം. കണ്ണാടിപോലെ തിളങ്ങുന്ന ജലമാണ് ഇവിടത്തെ പ്രത്യേകതകളിലൊന്ന്. മെക്സികോയിൽനിന്നും 22 നോട്ടിക്കൽ മൈൽ അകലെയാണ് മെരിയേറ്റ ദ്വീപ്. കടലിലെ അഗ്നിപർവത സ്ഫോടനത്തിന്റെ അനന്തര ഫലമാണ് ഇൗ ദ്വീപ്. ഒന്നാംലോക യുദ്ധകാലത്ത് മെക്സിക്കൻ സർക്കാർ ബോംബ് പരീക്ഷണം നടത്തിയതാണ് ഇവിടെ ഗർത്തം രൂപപ്പെടാൻ കാരണം. തുടർച്ചയായ സൈനിക പരീക്ഷണങ്ങൾ ഇൗ ദ്വീപിന്റെ പരിസ്ഥിതിയെ സാരമായി ബാധിച്ചു. പസഫിക് സമുദ്രത്തിലേക്കുള്ള 80 അടി തുരങ്കത്തിലൂടെയാണ് ഇൗ ബീച്ചിലേക്ക് എത്താൻ സാധിക്കുക. ദിവസേന 116ഒാളം സന്ദർശകർക്ക് മാത്രമേ ഇവിടെ പ്രവേശനാനുമതിയുള്ളൂ. നീന്തൽ, കയാക്കിംഗ്, സ്കൂബ ഡൈവിംഗ് എന്നിവയ്ക്ക് ഏറെ പ്രശസ്തിയാർജിച്ച ഇവിടെ മീൻപിടിത്തവും വേട്ടയാടലും പൂർണമായും നിരോധിച്ചിട്ടുണ്ട്.