auto
ജിബിന്റെ മൃതദേഹം തള്ളാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് പരിശോധിക്കുന്നു

തൃക്കാക്കര: ചക്കരപ്പറമ്പ് തേക്കേപ്പാടത്ത്‌ പുല്ലുവീട്ടിൽ ജിബിൻ വർഗീസിന്റെ (32) കൊലപാതകത്തിൽ നാല് പ്രതികൾ കൂടി പിടിയിലായതായി സൂചന. യുവതിയുടെ ഭർത്താവടക്കം ഏഴുപേർ നേരത്തെ പിടിയിലായിരുന്നു. ഇവരെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. കേസിൽ ആകെ 13 പ്രതികളാണുള്ളത്.

എന്നാൽ കേസിൽ നാലുപേർ കസ്റ്റഡിയിലുള്ളത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രധാന പ്രതിയടക്കം ആറുപേർ ജില്ലയ്ക്ക് പുറത്തേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാൻ അന്വേഷണ സംഘം പുറപ്പെട്ടുകഴിഞ്ഞു.

കാക്കനാട് പാലച്ചുവട്ടിലെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികൾ കൊലയ്ക്ക് ശേഷം ഓട്ടോയും കാറും ഉപയോഗിച്ചത് കണ്ടെത്തിയത്. കാറിലാണ് പ്രതികൾ ജില്ല വിട്ടതെന്നാണ് സൂചന. ഓലിക്കുഴിയിലെ യുവതിയുമായി കൊല്ലപ്പെട്ട യുവാവിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലയ്ക്ക് ശേഷം ശേഷം ജിബിന്റെ ശരീരം റോഡരികിൽ തള്ളാൻ ഉപയോഗിച്ച ഓട്ടോറിക്ഷ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കാക്കനാട് ഓലിമുകൾ പള്ളിക്ക് സമീപം ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ജിബിനെ ഗുരുതര പരുക്കുകളോടെ മരിച്ച നിലയിൽ റോഡരികിൽ കണ്ടെത്തുകയായിരുന്നു. ജിബിൻ ഓടിച്ചിരുന്ന ബൈക്ക് സമീപത്തു മറിഞ്ഞുകിടക്കുകയായിരുന്നു. വാഹനം ഇടിച്ചുണ്ടായ അപകടമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാൽ വിശദ പരിശോധനയിൽ അപകടം നടന്നതിന്റെ സൂചനകൾ ലഭിച്ചിരുന്നില്ല. മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തമായത്. യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും സൂചന ലഭിച്ചത്. യുവതിയുടെ സഹോദരൻ അടക്കം മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കീലർ നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്.


പ്രണയം കൊലപാതകത്തിലെത്തി

ജിബിൻ വർഗീസിന്റെ കൊലപാതകത്തിൽ കലാശിച്ചത് ഓലിക്കുഴിയിലെ യുവതിയുമായുള്ള പ്രണയം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഇരുവരും പ്രണയത്തിലായിരുന്നു.വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവരായതിനാൽ കുടുംബങ്ങൾ ഇവരുടെ ബന്ധത്തെ എതിർത്തിരുന്നു. പിന്നീട് മാറമ്പള്ളിയിലെ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി. വിവാഹശേഷവും യുവതി ജിബിനുമായി ബന്ധം തുടർന്നിരുന്നു. ഒന്നിലേറെത്തവണ ജിബിനും യുവതിയുടെ ഭർത്താവുവായി വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. പിന്നീട് വിദേശ മലയാളിയായ ഭർത്താവ് യുവതിയെ കാക്കനാട് ഒളിക്കുഴിയിലെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ പിതാവും ബന്ധുക്കളും ചേർന്ന് പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ചിരുന്നു.ഗൾഫിലായിരുന്ന ഭർത്താവ് അടുത്തിടെയാണ് നാട്ടിൽ എത്തിയത്. കൊലപാതകം നടന്ന ദിവസം രാത്രി യുവതിയുടെ വീട്ടിലെത്തിയ ജിബിനെ സഹോദരങ്ങൾ പിടികൂടി താക്കീതു നൽകി വിട്ടിരുന്നു. പിന്നീട് പുലർച്ചെ ഒരു മണിയോടെ വീണ്ടും ജിബിൻ യുവതിയുടെ വീട്ടിലെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


മരണം, തലക്കേറ്റ ക്ഷതം

ജിബിൻ വർഗീസിന്റെ മരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയോട്ടിയിൽ ക്ഷതമേൽക്കുകയും തലയിൽ രക്തസ്രാവം ഉണ്ടാകുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. ഇടതു കണ്ണിനു മുകളിലും പരിക്കുകളുണ്ട്. സംഘം ചേർന്നുള്ള ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. നെഞ്ചിനു ഗുരുതരമായ ചതവുകളുണ്ടെന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ രണ്ടിനും മൂന്ന് മണിക്കും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് സൂചന.