ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി കേരളത്തിൽ എം.എൽ.എമാർ കൂട്ടത്തോടെ മത്സര രംഗത്തിറങ്ങണമോ എന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. ഇതോടെ ഇന്ന് ചേരുന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിൽ വ്യക്തമായ തീരുമാനം ഉണ്ടാകില്ലെന്ന് സൂചന.
നേരത്തെ എം.എൽ.എമാർ മത്സരിക്കേണ്ടെന്നായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. എന്നാൽ ഉമ്മൻചാണ്ടിയെ പ്പോലുള്ള പ്രമുഖർ മത്സരിക്കണമെന്നതും എൽ.ഡി.എഫ് ആറ് എം.എൽ.എ മാരെ രംഗത്തിറക്കിയതും മാറ്രി ചിന്തിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചു. സി.പി.എം. നാല് എം.എൽ.എമാരെയും സി.പി.ഐ രണ്ട് പേരെയുമാണ് രംഗത്തിറക്കിയിരിക്കുന്നത്. എന്നാൽ എം.എൽ എമാർ കൂട്ടത്തോടെ മത്സരരംഗത്ത് വരുന്നത് ആരോഗ്യകരമായിരിക്കില്ലെന്നാണ് നേതൃത്വം ഇപ്പോൾ ചിന്തിക്കുന്നത്.
ഇടുക്കിയിൽ നിന്ന് മത്സരിക്കാൻ ഉമ്മൻചാണ്ടി വിമുഖത കാണിക്കുകയാണ്. തൃശൂരിൽ നിന്ന് മത്സരിക്കണമെന്ന് വി.എം. സുധീരനോട് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം യെസ് മൂളിയിട്ടില്ല. ഇതോടെ മത്സരിക്കുന്ന കാര്യത്തിൽ കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളിക്കും വലിയ താല്പര്യമില്ലാതായിട്ടുണ്ട്. ഉമ്മൻചാണ്ടിയെക്കൂടാതെ അടൂർ പ്രകാശ്, ഷാഫിപറമ്പിൽ , ഹൈബി ഈഡൻ, എ.പി.അനിൽകുമാർ തുടങ്ങി ചില എം.എൽ എ മാരുടെ പേരുകളാണ് സ്ഥാനാർത്ഥി പട്ടികയിലേക്ക് വന്നിരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും കോൺഗ്രസ് പട്ടിക പൂർത്തിയാകാൻ 20 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറയുന്നത്. 13,14,15 തീയതികളിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിൽ വരുന്നുണ്ട്. ഈ സമയത്ത് അനൗപചാരിക ചർച്ചകൾ നടക്കും. അതിന് ശേഷം ഡൽഹിയിൽ വീണ്ടും സ്ക്രീനിംഗ് കമ്മിറ്രി ചേർന്ന് ഒൗപചാരിക ചർച്ച നടത്തി തീരുമാനത്തിലെത്തും.