അണ്ണാ ഡി.എം.കെ സഖ്യത്തിൽ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ ചേർന്നതോടെ തമിഴ്നാട് തിരഞ്ഞെടുപ്പ് പോരിന്റെ ചിത്രം തെളിഞ്ഞു. ചർച്ചകളിൽ അവസാന നിമിഷം വരെ അഞ്ച് സീറ്റും ഒരു രാജ്യസഭാ സീറ്റും ആവശ്യപ്പെട്ടിരുന്ന വിജയകാന്ത് ഇന്നലെ നാലു സീറ്റെന്ന ഒത്തു തീർപ്പിന് വഴങ്ങുകയായിരുന്നു. ഒരു മാസമായി വിജയകാന്ത് ഏതു മുന്നണിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഡി.എം.കെയുമായും ചർച്ച നടത്തിയിരുന്നു. ഒരു ഘട്ടത്തിൽ കമലഹാസനുമായി ചേർന്ന് മൂന്നാം മുന്നണി രൂപീകരിക്കുമെന്ന പ്രചാരണവും ഉണ്ടായി.
ഡി.എം.ഡി.കെയെ ഒപ്പം കൂട്ടിയതോടെ അണ്ണാ ഡി.എം.കെ - ബി.ജെ.പി മെഗാസഖ്യം പ്രത്യക്ഷത്തിൽ കൂടുതൽ കരുത്തരായി. മറുവശത്ത് ഡി.എം.കെ- കോൺഗ്രസ് സഖ്യം മുന്നണിയിലെ കക്ഷികൾക്കൊക്കെ സീറ്റ് വീതം വച്ച് നൽകി പ്രചാരണരംഗത്ത് സജീവമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ ഡി.എം.കെ നേതാക്കൾ പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ യോഗം ചേർന്നു. പ്രത്യേക അഭിമുഖം നടത്തിയാണ് ഡി.എം.കെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത്.
തമിഴ്നാട്ടിൽ ആകെയുള്ള 39 സീറ്റുകളിൽ 19 സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുനൽകിയത് പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിന്റെ ദൗർബല്യമാണു ഇതു തെളിയിക്കുന്നതെന്നാണു ഒരു വാദം. എന്നാൽ, കരുണാനിധിയെപ്പോലെ സഖ്യകക്ഷികളെ വിശാലമനസോടെ പരിഗണിക്കുന്ന ഡി.എം.കെ പാരമ്പര്യം സ്റ്റാലിനിലൂടെ തുടരുകയാണെന്നു പാർട്ടിയുടെ അവകാശവാദം.
കോൺഗ്രസ് അല്ലാത്ത സഖ്യകക്ഷികൾക്കു ഒന്നിൽക്കൂടുതൽ സീറ്റുകൾ നൽകേണ്ടതില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ ഡി.എം.കെയുടെ തീരുമാനം. കരുണാനിധിയുടെ കാലത്തെ ഉദാരത വേണ്ടെന്ന നിലപാടിലായിരുന്നു സ്റ്റാലിൻ. എന്നാൽ അണ്ണാ ഡി.എം.കെ ബി.ജെ.പിയുമായി ചേർന്ന് വിശാല സഖ്യത്തിനു രൂപം നൽകിയതോടെ ഡി.എം.കെ സമ്മർദ്ദത്തിലായി. എണ്ണത്തിൽ കടുംപിടിത്തം പിടിക്കുന്നതു ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്ന വിലയിരുത്തലും ഉണ്ടായതോടെ സഖ്യകക്ഷികളോടു ഉദാരസമീപനത്തിനു തയാറാകുകയായിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിക്കൊപ്പം നിന്ന പുതിയ തമിഴകം പാർട്ടി ഇത്തവണ മുന്നണി വിട്ട് അണ്ണാ ഡി.എം.കെയ്ക്കൊപ്പം പോയത് ചെറിയൊരു ക്ഷീണമായിട്ടുണ്ട്. തെക്കൻ തമിഴ്നാടിലെ ചില മണ്ഡലങ്ങളിൽ കൃഷ്ണസ്വാമി നേതൃത്വം നൽകുന്ന പുതിയ തമിഴകത്തിന് ചെറുതല്ലാത്ത സ്വാധീനമുണ്ട്. അണ്ണാ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇന്ത്യൻ ജനനായക കക്ഷി(ഐ.ജെ.കെ) അപ്രതീക്ഷിത നീക്കത്തിലൂടെ ഡി.എം.കെയ്ക്കു പിന്തുണ പ്രഖ്യാപിച്ചത് നേട്ടമായി പാർട്ടി കാണുന്നു. പി.എം.കെയോടുള്ള എതിർപ്പു കാരണമാണ് പാർട്ടി സ്ഥാപകൻ പാരിവേന്ദർ പച്ചമുത്തുവിന്റെ നേതൃത്വത്തിൽ ഡി.എം.കെ നേതാക്കളെ കണ്ട് പിന്തുണ അറിയിച്ചത്.
അഗ്നി പരീക്ഷണം അണ്ണാ ഡി.എം.കെയ്ക്ക്
ലോക്സഭാ സീറ്റുകൾ പരമാവധി നേടുക എന്നതിനപ്പുറത്ത് സംസ്ഥാന ഭരണം നിലനിറുത്തുക എന്ന വെല്ലുവിളി കൂടി അണ്ണാ ഡി.എം.കെ നേതൃത്വത്തിനുണ്ട്. ഒഴിവുള്ള 21 നിയമസഭാ മണ്ഡലങ്ങളിൽ 18 എണ്ണത്തിൽ ഏപ്രിൽ 18നു തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ദിനകരൻ പക്ഷത്തേക്കു കൂറുമാറിയ എം.എൽ.എമാരെ അയോഗ്യരാക്കിയതിനെ തുടർന്നുണ്ടായ ഒഴിവുകളാണിത്.
ഇപ്പോൾ അണ്ണാ ഡി.എം.കെയ്ക്ക് നിയമസഭയിൽ 115 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. 18 സീറ്റുകളിൽ മൂന്നെണ്ണം നേടിയാൽ കേവലഭൂരിപക്ഷം ഉറപ്പിക്കാം. അതുകൊണ്ടു തന്നെയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഇത്തവണ സീറ്റ് നിർണയം നടത്തിയതും പരമാവധി പാർട്ടികളെ ഒപ്പം നിറുത്തുന്നതും. രണ്ടില ചിഹ്നം കോടതി ഉത്തരവിലൂടെ ഉറപ്പിച്ചത് പാർട്ടിക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷ.
ക്യാപ്റ്റന് നേട്ടമില്ല
നാലു സീറ്റുകൾ ഡി.എം.ഡി.കെ നേടിയെങ്കിലും വിജയകാന്ത് അസംതൃപ്തനാണെന്നാണ് സൂചന. 2005ൽ രൂപീകരിച്ച ഡി.എം.ഡി.കെ തുടർന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് എല്ലാ മണ്ഡലങ്ങളിലും മത്സരിച്ചു. വിജയകാന്ത് മാത്രമേ വിജയിച്ചുള്ളൂ എങ്കിലും ആകെ പോൾ ചെയ്തതിൽ 10 ശതമാനം വോട്ടു നേടി. 2014ൽ അണ്ണാ ഡി.എം.കെ മുന്നണിയിൽ ചേർന്ന് 40 സീറ്റിൽ മത്സരിച്ച് 29 സീറ്റിൽ വിജയിച്ചു. കക്ഷിനിലയിൽ ഡി.എം.കെയെക്കാൾ സീറ്റുണ്ടായിരുന്ന ഡി.എം.ഡി.കെ അവസാന നാളുകളിൽ ജയലളിതയുടെ ചില തീരുമാനങ്ങളോട് വിയോജിച്ചുകൊണ്ട് നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷസ്വരം ഉയർത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. സി.പി.ഐ ഉൾപ്പെടെയുള്ള ഏഴു പാർട്ടികളെ ഉൾപ്പെടുത്തി മൂന്നാം മുന്നണി രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു സീറ്റുപോലും കിട്ടിയില്ല.
ഒറ്റയ്ക്കു മത്സരിച്ചാൽ വിജയം ഉറപ്പില്ലാത്തതിനാലാണ് ഇത്തവണ ഏതെങ്കിലും സഖ്യത്തോടൊപ്പം ചേരാൻ തീരുമാനിച്ചത്. വിജയകാന്ത് അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് എത്തിയപ്പോഴേക്കും രണ്ടു മുന്നണിയിലും സീറ്റ് വീതം വയ്്പ് അന്ത്യഘട്ടത്തിലെത്തിയിരുന്നു. ഏഴു സീറ്റും ഒരു രാജ്യസഭാ സീറ്റും വേണമെന്ന ആവശ്യത്തിന് രണ്ടു മുന്നണിയിലും സ്വീകാര്യത ലഭിച്ചില്ല. വിജയകാന്തിന്റെ ആവശ്യത്തോട് കുറച്ചെങ്കിലും മമത കാണിച്ചത് അണ്ണാ ഡി.എം.കെ നേതൃത്വമായിരുന്നു. വിരുദനഗർ, തിരുച്ചിറപ്പള്ളി, കള്ളക്കുറിച്ചി, നോർത്ത് ചെന്നൈ തുടങ്ങിയ നാല് മണ്ഡലങ്ങളാണ് അണ്ണാ ഡി.എം.കെ വാഗ്ദാനം ചെയ്തതെന്നാണു സൂചന.
മൂന്നാം മുന്നണിയുമായി ദിനകരൻ
അണ്ണാ ഡി.എം.കെ പിളർന്നുണ്ടായ ദിനകരൻ നേതൃത്വം നൽകുന്ന അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന്റെ ശക്തി തെളിയിക്കൽ തിരഞ്ഞെടുപ്പ് കൂടിയാകും ഇത്. എസ്.ഡി.പി.ഐ പോലുള്ള പാർട്ടികളുമായി ചേർന്നാണ് ദിനകരൻ മുന്നണി രൂപീകരിച്ചിരിക്കുന്നത്. ലോക്സഭയിൽ സീറ്റുകൾ നേടുന്നതിനപ്പുറത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന സീറ്റുകളിൽ വിജയമാണ് ദിനകരന്റെ ലക്ഷ്യം.
ഒറ്റയ്ക്ക് കമലഹാസൻ, എല്ലാം കണ്ടിരിക്കാൻ രജനി
മക്കൾ നീതിമയ്യത്തിന്റെ കൊടിക്കീഴിൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിറുത്താനാണ് കമലഹാസന്റെ തീരുമാനം. തിരഞ്ഞെടുപ്പിനു മുന്നോടിയായി മക്കൾ നീതി മയ്യം സംസ്ഥാനത്താകെ ഗ്രാമസഭകൾ വിളിച്ചു കൂട്ടിയിരുന്നു. ഇതേ രീതിയിൽ ഡി.എം.കെ ഗ്രാമസഭകൾ നടത്തിയപ്പോൾ കമൽ ശക്തമായി വിമർശിക്കുകയും ചെയ്തു. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനികാന്ത് ഇത്തവണ അങ്കത്തിനില്ല. അടുത്ത നിയമസഭയാണ് ലക്ഷ്യം. മറ്റൊരു താരമായ ശരത്കുമാർ ഇപ്പോൾ ഒരു മുന്നണിയിലുമില്ല. അദ്ദേഹത്തിന്റെ സമത്വ മക്കൾ കക്ഷി നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയ്ക്കൊപ്പമായിരുന്നു.
നിലവിലെ കക്ഷി നില
ആകെ സീറ്റ് 39
അണ്ണാ ഡി.എം.കെ 37
ബി.ജെ.പി 1
പി.എം.കെ 1
മുന്നണി പടനീക്കം ഇങ്ങനെ
അണ്ണാ ഡി.എം.കെ ബി.ജെ.പി സഖ്യം
അണ്ണാ ഡി.എം.കെ 21
പി.എം.കെ 7
ബി.ജെ.പി 5
ഡി.എം.ഡി.കെ 4
പുതിയ തമിഴകം 1
പുതിയ നീതി കക്ഷി 1
ഡി.എം.കെ - കോൺഗ്രസ് മുന്നണി
ഡി.എം.കെ 20
കോൺഗ്രസ് 9
സി.പി.എം 2
സി.പി.ഐ 2
ഡി.സി.കെ 2
എം.ഡി.എം.കെ 1
മുസ്ലിംലീഗ് 1
ഇന്ത്യൻ ജനനായക കക്ഷി 1
കുങ്കുനാട് മക്കൾ കക്ഷി 1
പ്രമുഖരുടെ മണ്ഡലം
കനിമൊഴി - തൂത്തുക്കുടി
ദയാനിധി മാരൻ - ചെന്നൈ സെൻട്രൽ
ദിനകരൻ - തേനി
ഖുശ്ബു -കടലൂർ
പ്രേമലത (വിജയകാന്തിന്റെ ഭാര്യ) - വിരുതനഗർ
രവീന്ദ്രനാഥകുമാർ (ഒ.പനീർശെൽവത്തിന്റെ മകൻ) -തേനി
പൊൻരാധാകൃഷ്ണൻ - കന്യാകുമാരി