തിരുവനന്തപുരം : പ്രചാരണ പരിപാടികൾക്ക് തുടക്കമായില്ലെങ്കിലും തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തിരക്കുള്ള ദിവസമായിരുന്നു ഇന്നലെ. മത മേലദ്ധ്യക്ഷൻമാരെ കണ്ടും പൊതുപരിപാടികളിൽ പങ്കെടുത്തും മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു സി. ദിവാകരനും ശശി തരൂരും. അതേസമയം, ഗവർണർ കുപ്പായമഴിച്ച് മിസോറമിൽ നിന്ന് ഇന്നെത്തുന്ന കുമ്മനം രാജശേഖരന് ഗംഭീര സ്വീകരണം നൽകി കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി
സി. ദിവാകരൻ ക്ഷേത്രോത്സവങ്ങളിലും പങ്കെടുത്തു. രാവിലെ കഴക്കൂട്ടം കുളത്തൂർ കുശമുട്ടം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തി. പ്രവർത്തകർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി വോട്ടർമാരെ പരിചയപ്പെടുത്തി. ക്ഷേത്ര കമ്മിറ്റി ഓഫീസിലെത്തി ഭാരവാഹികളെയും കണ്ടു. ഇതിനിടെ അവിടെയെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് കുശലാന്വേഷണത്തിന് ശേഷം നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിലേക്ക്. ബിഷപ്പിനെ കണ്ട് ആശീർവാദം വാങ്ങി മടക്കം. കുന്നുകുഴി കോളനി, പാപ്പനംകോട് ദർശന എന്നിവിടങ്ങളിൽ പൊതുപരിപാടി. രാമപുരം തൂക്ക മഹോത്സവത്തിലും പങ്കെടുത്തു. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ് സൂസപാക്യത്തിന്റെ ജന്മദിന പരിപാടിയിലും പങ്കെടുത്തു.
തരൂർ രാവിലെ പാർലമെന്റ് മീഡിയ റൂമിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, എം. വിൻസെന്റ് , മുൻ എം.എൽ.എ പാലോട് രവി എന്നിവർ ഒപ്പമുണ്ടായിരുന്നു. തുടർന്ന്, പെയിന്റും ബ്രഷുമെടുത്ത് പ്രവർത്തകർക്കൊപ്പം ചുവരെഴുത്തിൽ പങ്കുചേർന്നു. പിന്നീട് ഗാന്ധി യുവജന ഫോറം, കർഷക കോൺഗ്രസ് എന്നിവയുടെ സെക്രട്ടേറിയറ്റ് സമരങ്ങളിൽ പങ്കെടുത്തു. അവിടുന്ന് വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ് സൂസപാക്യത്തിന്റെ ജന്മദിന പരിപാടിയിലും മാർ ഇവാനിയോസ് ബി.എഡ് കോളേജിലെ പരിപാടിയിലും പങ്കെടുത്തു.
ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും കുമ്മനം രാജശേഖരനായി മണ്ഡലത്തിലെ പ്രവർത്തകരും ഉഷാറായിക്കഴിഞ്ഞു. കുമ്മനത്തിനായി ചുവരെഴുത്ത് സജീവമാണ്. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന കുമ്മനത്തിനൊപ്പം മണ്ഡലത്തിലെ പ്രചാരണം തുടങ്ങാൻ കാത്തിരിക്കുകയാണ് അണികൾ.
'തിരുവനന്തപുരത്തെ വോട്ടർമാർ ഒരു മാറ്റത്തിന് ചിന്തിക്കുന്നതായി നേരിട്ട് ബോദ്ധ്യപ്പെട്ടു. ജനങ്ങൾക്കൊപ്പം എല്ലാക്കാലത്തും നിന്നിട്ടുള്ള പ്രവർത്തന രീതിയാണ് എന്റേത്. സാധാരണ ജനങ്ങൾക്കും തൊഴിലാളികൾക്കുമൊപ്പം ജീവിച്ചു വളർന്ന അനുഭവമുള്ളതിനാൽ അവരിൽ നിന്ന് ഒരിക്കലും മാറി നിന്നിട്ടില്ല. ഞാൻ ജയിക്കുമെന്ന ശുഭപ്രതീക്ഷയാണ് ഏവരും പങ്കുവയ്ക്കുന്ന
ത് ".
സി. ദിവാകരൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി
'തിരുവനന്തപുരത്തിന്റെ ശബ്ദം പാർലമെന്റിൽ കേൾപ്പിക്കാൻ കഴിവുള്ളത് ആർക്കെന്ന് നോക്കിയാവും ജനം വിധിയെഴുതുക. പത്തു വർഷം പാർലമെന്റിൽ നന്നായി പ്രവർത്തിച്ചയാളാണ് ഞാൻ. അഞ്ചു വർഷം കേന്ദ്രത്തിൽ ദുർഭരണം നടത്തിയ ബി.ജെ.പി സർക്കാരിന് പകരം കോൺഗ്രസ് സർക്കാരിനെ തിരഞ്ഞെടുക്കാനായി തിരുവനന്തപുരത്തെ വോട്ടർമാരും വിധിയെഴുതും".
ശശി തരൂർ, യു.ഡി.എഫ് സ്ഥാനാർത്ഥി