തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം മണ്ഡലത്തിലെ കെ.പി.സി.സി മീഡിയാ റൂം പുളിമൂട് പ്രസ് റോഡിൽ ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥിയുടെ കഴിവും ആര് രാജ്യം ഭരിക്കണം എന്നും നോക്കിയാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്യുകയെന്ന് ശശി തരൂർ പറഞ്ഞു. കഴിഞ്ഞ 10 വർഷം തിരുവനന്തപുരം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും കേന്ദ്ര സർക്കാരിന്റെ കഴിവില്ലായ്മ ചൂണ്ടിക്കാട്ടിയുമായിരിക്കും തിരഞ്ഞെടുപ്പിൽ വോട്ട് തേടുക. ജനങ്ങൾ ബി.ജെ.പിക്ക് രണ്ടാമതും അവസരം നൽകില്ല. കഴിഞ്ഞ അഞ്ച് വർഷം ബി.ജെ.പി രാജ്യം ഭിന്നിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ ആണ് വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം തീരുമാനിച്ചത്. സംസ്ഥാന സർക്കാർ ലേലത്തിൽ പങ്കെടുത്തു. എന്നിട്ട് സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട കുറ്റം സ്ഥലം എം.പിക്കായെന്നും ശശി തരൂർ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിക്കില്ലെന്ന് കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരെ, വിശ്വാസികൾക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി മണ്ഡലത്തിലെ കഴിഞ്ഞ 10 വർഷത്തെ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വോട്ട് ചോദിക്കുകയെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു . തിരു. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് സർക്കാർ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നുവെന്നും വിമാനത്താവളം അദാനിക്ക് ലഭിക്കാൻ സർക്കാർ കൂട്ട് നിന്നെന്നും എം. വിൻസെന്റ് എം.എൽ.എ അഭിവാദ്യമർപ്പിച്ച് പറഞ്ഞു. മീഡിയാ കമ്മിറ്റി സംസ്ഥാന ചെയർമാൻ പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര സനൽ, കാവല്ലൂർ മധു, വിജയൻ തോമസ്, കമ്പറ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.