iris-apfel

ഒരു മോഡലിന് എത്രവയസുവരെ റാംപിൽ തിളങ്ങാം...ഈ ചോദ്യം അമേരിക്കൻ സൂപ്പർമോഡലായ ഐറിസ് അപ്ഫലിനോടാണ് ചോദിക്കുന്നതെങ്കിൽ പുള്ളിക്കാരി പറയും, അതിനങ്ങമെ പ്രത്യേകിച്ച് പ്രായമൊന്നുമില്ലെന്ന്. കാരണം, 97-ാം വയസിലും ഐറിസ് റാപിലുണ്ട്! ലോകത്തിലെ ഏറ്റവും വലിയ മാനേജ്മെന്റ് ഏജൻസികളിലൊന്നായ ഐഎംജിയാണ് ഐറിസിനെ മോഡലാക്കി റാംപിലെത്തിച്ചത്. 1.2 മില്യൺ ആളുകളാണ് ഐറിസിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ഇന്റീരിയർ ഡിസൈനിംഗ് രംഗത്താണ് ഐറിസ് തന്റെ കഴിവ് തെളിയിച്ചിരുന്നത്. ഓൾഡ് വേൾഡ് വീവേഴ്സ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ സഹസ്ഥാപക കൂടിയാണ് ഐറിസ്. വസ്ത്രഡിസൈനിംഗിൽ ഭർത്താവ് കാളിനുമൊപ്പമാണ് ഐറിസിന്റെ വിജയക്കൊയ്ത്ത്. ജോർജ് ബുഷ്, ക്ലിന്റൺ തുടങ്ങിയ നേതാക്കളുടെ കാലത്ത് വൈറ്റ് ഹൗസിന്റെ ഇന്റീരിയർ ഡിസൈനിംഗ് ചെയ്തതും ഐറിസായിരുന്നു.

മോഡലിംഗ് രംഗത്തെ തന്റെ ഈ നേട്ടം മറ്റുള്ളവർക്കും ഒരുപാട് പ്രയോജനം ചെയ്യണമെന്നാണ് ഐറിസിന്റെ ആഗ്രഹം. പ്രായമേറിയ സ്ത്രീകൾ കൂടുതലായി ഈ മേഖലയിലേക്ക് കടന്നുവരണമെന്നാണ് അവരുടെ ആഗ്രഹം. ബാർബിഡോൾ നിർമ്മാണ ചരിത്രത്തിലെ ഏറ്റവും പ്രായംചെന്ന മോഡലും ഐറിസിന്റേതാണ്. എന്തായിലും ഐഎംജിയുടെ ഈ ഗംഭീരമോഡലിനെ കൈയടിയോടെയാണ് കാണികൾ വരവേറ്റത്.