കുഴിത്തുറ: പ്രതിവർഷം രണ്ടുകോടി പേർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കുപാലിച്ചില്ലെന്നും രാജ്യത്തെ തൊഴിൽരഹിതരുടെ കണക്കുകൾ കേന്ദ്രം മറച്ചുപിടിക്കുകയാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
കന്യാകുമാരി ജില്ലയിലെ തക്കലയിൽ നടന്ന സി.പി.എം തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കാൻ അദാനിയെ പോലെയുള്ള കോർപറേറ്റുകളെ മോദി സർക്കാർ സഹായിക്കുകയാണ്.
പ്രതിരോധവകുപ്പ് പോലും അഴിമതിയുടെ കേന്ദ്രമായി മാറി. റാഫേൽ അഴിമതിയെക്കുറിച്ച് വാർത്ത എഴുതിയ മാദ്ധ്യമത്തിന് നേരെ കേന്ദ്രസർക്കാർ ഭീഷണി മുഴക്കിയിരിക്കുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
കന്യാകുമാരി ജില്ലാ സെക്രട്ടറി ചെല്ലസ്വാമി, മുൻ എം.പി ബെല്ലാർമിൻ, മുൻ എം.എൽ.എ ലീമാറോസ് എന്നിവരും പങ്കെടുത്തു.