atl11mb

ആ​റ്റിങ്ങൽ: പൂവൻപാറ മേലാറ്റിങ്ങൽ റോഡിൽ പ്രവർത്തിക്കുന്ന ഹോളോബ്രിക്‌സ് കമ്പനിയിലെ തൊഴിലാളിയായ ബംഗാൾ സ്വദേശിയെ കമ്പനിയുടെ ഓഫീസ് മുറിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ജൽപായ്ഗുരി സ്വദേശി ബിമൽ (33) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന ബംഗാളിയായ അമലിനെ കാണാതായി.

ബിമലിന്റെ കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിൽ മുറിവേ​റ്റിട്ടുണ്ട്. കാണാതായ അമലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും തെളിവെടുപ്പിനെത്തി. കമ്പനിയുടെ പിറകുവശത്തുകൂടിയാണ് പ്രതി രക്ഷപ്പെട്ടതെന്ന് കരുതുന്നു. അന്വേഷണം ആരംഭിച്ചതായി എസ്.ഐ ശ്യാം പറഞ്ഞു.

ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. കമ്പനിയിലെ മ​റ്റൊരു ജീവനക്കാരൻ ഇവരെ അന്വേഷിക്കുമ്പോഴാണ്, കസേരയിൽ ബിമലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കമ്പനി ഉടമയായ മോഹൻകുമാറിനു പുറമേ നാട്ടുകാരായ ബിനു, മഹേന്ദ്രൻ എന്നിവരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. മൂന്നാഴ്ചമുമ്പാണ് ബിമൽ ജോലിക്കെത്തിയത്. ഞായറാഴ്ച ഇവരുടെ ഒരാഴ്ചത്തെ കൂലി കണക്കാക്കി മൂവായിരം രൂപ ഇരുവർക്കുമായി നല്കിയിരുന്നതായി മോഹൻകുമാർ പറഞ്ഞു. ഇവർ മദ്യം വാങ്ങിയതിന്റെ ബില്ല് റൂമിൽ നിന്ന് കണ്ടെടുത്തു. കാണാതായ അമലിനെക്കുറിച്ച് യാതൊരു വിവരവും ഇല്ല. എന്നാൽ, ബിമലിന്റെ ഫോൺ നമ്പർ ലഭിച്ചിട്ടുണ്ട്. ബിവറേജസിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അമലിന്റെ ചിത്രം ശേഖരിക്കുമെന്ന് എസ്.ഐ ശ്യാം പറഞ്ഞു.