തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായ മൂന്നാം തവണ ജനവിധി തേടുന്ന സമ്പത്തിന് ആശങ്കയേ ഇല്ല. ഹാട്രിക് ജയത്തിന് തടയിടാൻ ആർക്കുമാവില്ലെന്ന ആത്മവിശ്വാസം.
തന്നെ കളരി പഠിപ്പിച്ച പൂജപ്പുര മുടവൻമുകളിലെ ഗുരു തങ്കപ്പൻ ആശാനെ കണ്ട് അനുഗ്രഹം വാങ്ങിയാണ് സമ്പത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. മടങ്ങും വഴി ജംഗ്ഷനിലെ തട്ടുകടയിൽ നിന്ന് ഇഡ്ഡലിയും ചമ്മന്തിയും വടയും കഴിച്ച്, അവിടെക്കൂടിയവരോട് കുശലവും പറഞ്ഞാണ് സമ്പത്ത് മടങ്ങിയത്. 12.30 ഓടെ വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ എത്തി ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തിന് ജന്മദിനാശംസ നേർന്നു. ഉച്ചയ്ക്ക് 2ന് ആറ്റിങ്ങലിലെ മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് ജനങ്ങൾക്കറിയാമെന്ന് സമ്പത്ത് കേരളകൗമുദിയോട് പറഞ്ഞു. 'ഞാൻ സാധാരണ സ്ഥാനാർത്ഥി മാത്രമാണ്. പാർട്ടി ഏല്പിക്കുന്ന ജോലി ഭംഗിയായി ചെയ്യുകയാണ് എന്റെ കടമ. ഈ തിരഞ്ഞെടുപ്പ് മൂന്ന് കാരണങ്ങൾ കൊണ്ടാണ് പ്രസക്തമാകുന്നത്. ബി.ജെ.പി സർക്കാരിനെ പുറത്താക്കുക, പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വർദ്ധിപ്പിക്കുക, മതനിരപേക്ഷ സർക്കാർ രൂപീകരിക്കുക".
കേന്ദ്രത്തിന്റെ വികലമായ വികസന നയങ്ങളാവും തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുക. അഞ്ച് വർഷത്തെ ഭരണത്തിൽ നേട്ടമുണ്ടായത് അംബാനിയെ പോലുള്ള കോർപറേറ്റ് ഭീമന്മാർക്ക് മാത്രമാണ്. നോട്ടുനിരോധനവും തത്വദീക്ഷയില്ലാതെ നടപ്പാക്കിയ ജി.എസ്.ടിയുമൊക്കെ സമ്പദ്‌വ്യവസ്ഥയെ തകർത്തു. കർഷകരെയും ചെറുപ്പക്കാരെയും മോദി വഞ്ചിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിക്കൊപ്പമാണ്.
എതിർ സ്ഥാനാർത്ഥി ആരാണെന്നത് പ്രസക്തമല്ല. ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പരിഹാരം കണ്ടെത്തി മുന്നോട്ട് പോകുകയാണ് ഇടതുപക്ഷം. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനമാണ് നടത്തുന്നത്. അവിടെ ശബരിമലയെന്നോ മറ്റേതെങ്കിലും പ്രശ്നങ്ങളെന്നോ വേർതിരിവില്ലെന്നും സമ്പത്ത് പറഞ്ഞു.