ബാലരാമപുരം: വേനൽ ചൂട് ശക്തമായതോടെ ബാലരാമപുരത്തെ പല പ്രദേശങ്ങളും വരൾച്ചയിലേക്ക് കൂപ്പുകുത്തി. ബാലരാമപുരം- പള്ളിച്ചൽ- വിളവൂർക്കൽ കുടിവെള്ള പദ്ധതിക്കായി നിർമ്മാണം പൂർത്തിയായ വണിഗർ തെരുവിലെ കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനം ഇനിയും വൈകുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കുടിവെള്ള പദ്ധതി ആരംഭിക്കാത്തതിൽ വൻ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. പഞ്ചായത്തിലെ 20 വാർഡുകളിളും പൈപ്പ്ലൈൻ സ്ഥാപിച്ചിട്ട് രണ്ട് വർഷത്തോളമായി. റെയിൽവേ ലൈൻ കടന്നുപോകുന്ന തലയൽ മഹാദേവപുരം, മുക്കംപാലമൂട് ഭാഗങ്ങളിൽ പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്നതിന് റെയിൽവേ അനുമതി നിഷേധിച്ചിരിക്കുന്നതിനാൽ സംയോജിത കുടിവെള്ള പദ്ധതി വീണ്ടും കാലതാമസം നേരിടുകയാണ്. വരൾച്ച രൂക്ഷമായതോടെ ബാലരാമപുരം നിവാസികൾ കുടിവെള്ളത്തിനായി പരക്കം പായുകയാണ്.
റെയിൽവേ ലൈൻ കടന്നുപോകുന്ന മുക്കാംപാലമൂട് ഭാഗത്ത് പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ റെയിൽവേ അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെ യാതോരു നടപടിയും സ്വീകരിക്കാൻ റെയിൽവേ അധികൃതർ തയാറായിട്ടില്ലെന്നാണ് വാട്ടർ ഡിവിഷൻ അസിസ്റ്റൻഡ് എൻജിനീയർ പറയുന്നത്. റെയിൽവേ ഡിവിഷൻ അധികൃതരും എം.പി മാരുമായി ചർച്ചയ്ക്ക് തീയതി നിശ്ചയിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അതും നടന്നില്ല. സ്ഥലം എം.എൽ.എ ഇടപെട്ട് വീണ്ടും ചർച്ച നടത്താമെന്ന് അറിയിച്ചെങ്കിലും തീയതിയുടെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. റെയിൽവെയുടെ അനുമതി ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ളമെത്തിക്കാൻ കഴിയുമെന്നാണ് വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ അധികൃതർ പറയുന്നത്. എം.പി മാരുടെയും സർക്കാരിന്റെയും ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ റെയിൽവെയിൽ നിന്നും അനുമതി നേടിയെടുക്കാൻ സാധിക്കുകയുള്ളൂ.
പള്ളിച്ചൽ- വിളവൂർക്കൽ- ബാലരാമപുരം സമഗ്ര കുടിവെള്ള പദ്ധതി ബാലരാമപുരം പഞ്ചായത്തിൽ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. എം. വിൻസെന്റ് എം.എൽ.എ ജലസേചനവകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിക്ക് കത്ത് നൽകിയെങ്കിലും ഇലക്ഷൻ വിജ്ഞാപനമായതോടെ തുടർനടപടികൾ വീണ്ടും തടസ്സപ്പെട്ടിരിക്കുകയാണ്. ജനപ്രതിനിധികളെല്ലാം ഇലക്ഷൻ പ്രചരണത്തിന് തയാറെടുക്കുന്ന വേളയിൽ സംയോജിത കുടിവെള്ള പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കാളിപ്പാറ കുടിവെള്ളപദ്ധതി പ്രകാരം ബാലരാമപുരം പഞ്ചായത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെ കുടിവെള്ള വിതരണം നടക്കുന്നുണ്ട്. ഇത് ബാലരാമപുരം കുടിവെള്ള ടാങ്കുമായി കണക്ട് ചെയ്ത് കുടിവെള്ള ദൗർലഭ്യം പരിഹരിക്കണമെന്നാണ് ആവശ്യം.