kalagramam

മുടപുരം :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പിന് അർഹരായ കലാകാരൻമാരുടെ സഹായത്തോടെ സർഗവാസനയുള്ള യുവജനങ്ങൾക്കായുള്ള കലാഗ്രാമം പദ്ധതിക്കു തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് സെന്ററിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി .ശശി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമഭായി അമ്മ, ബ്ലോക്ക് പഞ്ചായത്തംഗം ഇളമ്പ ഉണ്ണികൃഷ്ണൻ, ബി.ഡി.ഒ വിഷ്ണു മോഹൻ ദേവ് എന്നിവർ സംസാരിച്ചു. മോഹിനിയാട്ടം, മാർഗ്ഗംകളി, കഥകളി, ചെണ്ടമേളം, ചിത്രരചന എന്നീ ഇനങ്ങളിലാണ് പരിശീലനം.6 സെൻ്ററുകൾ ഉണ്ടാകും. എല്ലാ പ്രായത്തിലുള്ളവർക്കും ഈ പദ്ധതിയിൽ അണിചേരാം. മാസം പതിനയ്യായിരം രൂപ വീതം ഫെല്ലോഷിപ്പ് പരിശീലകർക്ക് നൽകും.മോഹിനിയാട്ടത്തിൽ കലാമണ്ഡലം ഭവ്യ, മാർഗംകളിയിൽ അക്ഷയ, ചെണ്ടമേളത്തിൽ അഭിനന്ദ്, കഥകളിയിൽ അരുൺ, ചിത്രരചനയിൽ സപ് ത, മഹേഷ് എന്നിവരാണ് പരിശീലനം നൽകുക. ശാർക്കര കലാഗ്രാമം, കായിക്കര ആശാൻ സ് മാരകം, മുദാക്കൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ,ചിറയിൻകീഴ് തിട്ടയില്മുക്ക് ജി .ശങ്കരപ്പിള്ള ഗ്രന്ഥശാല, വക്കം ഖാദർ മെമ്മോറിയൽ ഗ്രന്ഥശാല എന്നിവിടങ്ങളിൽ സെൻ്ററുകൾ തുടങ്ങും.