രാജ്യാവകാശ നിർണയത്തിനു വേണ്ടി നടന്ന മഹാഭാരതയുദ്ധം പതിനെട്ടു ദിവസമാണ് നീണ്ടുനിന്നതെങ്കിൽ ഇന്ത്യൻ ജനതയുടെ ഭാവി ഭാഗധേയം ആരുടെ കൈകളിലാണ് അമരാൻ പോകുന്നതെന്നറിയാനുള്ള പൊതുതിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഒന്നരമാസത്തിലേറെ വേണ്ടിവരും. രാജ്യത്തിന്റെ മാത്രമല്ല ജനങ്ങളുടെയും വലിയൊരു ദുർവിധി കൂടിയാണിത്. രണ്ടുംമൂന്നും ഘട്ടങ്ങളായി ഒരാഴ്ചയിൽ കുറഞ്ഞ സമയമെടുത്ത് ഭംഗിയായി നടത്തിയിരുന്ന തിരഞ്ഞെടുപ്പ് ഇപ്പോൾ ആഴ്ചകളോളം സമയമെടുത്താണ് ഇലക്ഷൻ കമ്മിഷൻ പൂർത്തിയാക്കുന്നത്. സ്വതന്ത്ര്വും ആക്ഷേപരഹിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ വേണ്ടിയുള്ള അത്യദ്ധ്വാനമാണിതെന്ന് ന്യായീകരിക്കാമെങ്കിലും സുഗമമായ തിരഞ്ഞെടുപ്പ് നടത്താനാവശ്യമായ സകല ഭൗതിക സന്നാഹങ്ങളും കൈപ്പിടിയിൽത്തന്നെ ഉള്ളപ്പോൾ ഏഴുഘട്ടങ്ങളും ഒന്നരമാസത്തിലേറെ നീണ്ട സമയദൈർഘ്യവും വേണ്ടിവരുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്യക്ഷമതയാണോ കാര്യക്ഷമതയില്ലായ്മയാണോ അസാധാരണമായ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ നിർണയത്തിന് പിന്നിൽ കാണാനാവുന്നതെന്ന് ജനങ്ങൾതന്നെ തീരുമാനിക്കട്ടെ. കേരളം ഉൾപ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒറ്റദിവസം കൊണ്ടുതന്നെ വോട്ടെടുപ്പ് പൂർത്തിയാകുന്ന തരത്തിലാണ് ഷെഡ്യൂൾ. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് യു.പി, ബീഹാർ, ബംഗാൾ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങൾവരെ ദീർഘിക്കും.
ആന്ധ്ര, അരുണാചൽ, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും. രാഷ്ട്രപതി ഭരണത്തിൻകീഴിലുള്ള ജമ്മു-കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെങ്കിലും ആറ് ലോക്സഭാ മണ്ഡലങ്ങളിൽ രാജ്യത്തിന്റെ ഇതര ഭാഗങ്ങൾക്കൊപ്പം വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനൊപ്പംതന്നെ പെരുമാറ്റച്ചട്ടവും പ്രാബല്യത്തിൽ വന്നതിനാൽ ദൈനംദിന ഭരണകാര്യങ്ങൾക്കപ്പുറം രാജ്യത്ത് അടുത്ത രണ്ടുമാസത്തേക്ക് മറ്റൊന്നും തന്നെ നടക്കുകയില്ലെന്നതാണ് ജനങ്ങൾ നേരിടാൻപോകുന്ന മറ്റൊരു ദുരിതം. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾപോലും നിഷേധിക്കാനുള്ള വാസന ബ്യൂറോക്രസി പുറത്തെടുക്കുന്ന കാലമാണിത്. കേരളം ഏപ്രിൽ 23 നാണ് വിധിയെഴുതാൻ പോകുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ വോട്ടെടുപ്പ് കഴിഞ്ഞാലും ഫലപ്രഖ്യാപനത്തിനായി പിന്നെയും ഒരുമാസം കാത്തിരിക്കേണ്ട സ്ഥിതിയാണ്. സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ കക്ഷികൾക്കും മാത്രമല്ല പൊതുജനങ്ങൾക്കും ഇൗ കാത്തിരിപ്പ് ദുസ്സഹം തന്നെയാണ്. വോട്ടെടുപ്പ് ഷെഡ്യൂളും ഫലപ്രഖ്യാപന തീയതിയും കുറച്ചുകൂടി ശാസ്ത്രീയവും യുക്തിപരവുമായി ക്രമീകരിക്കാൻ അത്ര പ്രയാസമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് നടത്തി എഴുപതു വർഷത്തെ പരിചയം നേടിയശേഷവും ഇലക്ഷൻ കമ്മിഷന്റെ നടപടികൾ ആശ്ചര്യം ജനിപ്പിക്കുന്ന തരത്തിലാണ്.
ആദ്യ പൊതുതിരഞ്ഞെടുപ്പിൽ 17 കോടി വോട്ടർമാരാണുണ്ടായിരുന്നതെങ്കിൽ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ തൊണ്ണൂറുകോടിയാണ് വോട്ടർമാർ. ഇതിൽ എട്ടരക്കോടിയോളം പുതിയ വോട്ടർമാരാണ്. കടുത്ത വേനൽച്ചൂടിനൊപ്പം നാടും നഗരവും ഒന്നാകെ തിരഞ്ഞെടുപ്പിന്റെ തീക്കുണ്ഡത്തിലേക്കാണ് ഇനി നടന്നുനീങ്ങുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് രാഷ്ട്രീയ കൂട്ടുകെട്ടിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും മത്സരം ഇക്കുറിയും ഇപ്പോഴത്തെ ഭരണമുന്നണിയും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയും തമ്മിൽത്തന്നെ. അന്യോന്യം എടുത്ത് പയറ്റാൻ ആയുധങ്ങൾ ധാരാളമുള്ളതിനാൽ പ്രചാരണരംഗം കൂടുതൽ കൊഴുക്കുമെന്ന് തീർച്ച. തിരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധസമിതികൾ മുന്നോട്ടുവച്ചിരുന്ന നിർദ്ദേശങ്ങളിൽ പലതിനും സ്വീകാര്യത ലഭിച്ചിട്ടില്ലെങ്കിലും മത്സരത്തിനിറങ്ങുന്ന ഒാരോ സ്ഥാനാർത്ഥിയും തങ്ങളുടെ സ്വഭാവഗുണങ്ങൾ വോട്ടർമാരെ അറിയിക്കണമെന്ന നിബന്ധന സ്വാഗതാർഹംതന്നെ. തങ്ങൾ ഉൾപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും മാദ്ധ്യമങ്ങൾവഴി പരസ്യപ്പെടുത്തണമെന്നാണ് നിബന്ധന. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കുറി പ്രാവർത്തികമാക്കുകയാണ്. എന്നാൽ ഇത്തരക്കാർക്കും യഥേഷ്ടം മത്സരിക്കാനാവുമെന്നത് തിരഞ്ഞെടുപ്പിന്റെ വിശുദ്ധി ഇല്ലാതാക്കുന്ന ഘടകമായി തുടരുകതന്നെ ചെയ്യും.പാർലമെന്റിലും സംസ്ഥാന നിയമസഭകളിലുമുള്ള ജനപ്രതിനിധികളിൽ നല്ലൊരു ഭാഗം ക്രിമിനൽ പശ്ചാത്തലമുള്ളവരും ക്രിമിനൽ കേസ് പ്രതികളുമാണെന്നത് രഹസ്യമൊന്നുമല്ല. ക്രിമിനലുകൾ മത്സരിക്കുന്നത് വിലക്കണമെന്ന നിർദ്ദേശത്തിന് ഒരു പാർട്ടിയും അനുകൂലമല്ല. എന്നിരുന്നാലും സ്വന്തം ക്രിമിനൽ പശ്ചാത്തലം ഉളുപ്പില്ലാതെ മാലോകരെ പരസ്യം മുഖേന അറിയിക്കേണ്ടിവരുന്നതിലെ ജാള്യത അവർക്ക് മറച്ചുവയ്ക്കാനാവില്ല.
ഇടക്കാലത്ത് വോട്ടിംഗ് യന്ത്രത്തിന്റെ 'ചാരിത്റ്യംം" ഏറെ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും ഇൗ തിരഞ്ഞെടുപ്പിലും വോട്ടെടുപ്പിന് യന്ത്രങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. കോൺഗ്രസ് ഉൾപ്പെയുള്ള മുഖ്യപ്രതിപക്ഷ കക്ഷികൾ നിലപാട് കടുപ്പിച്ചതുകാരണം പരാതി ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒട്ടേറെ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
ടി.എൻ. ശേഷൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി സ്ഥാനമേറ്റതുമുതലാണ് കമ്മിഷന്റെ അധികാരാവകാശങ്ങളെക്കുറിച്ച് സർക്കാരുകൾക്കും ജനങ്ങൾക്കും ബോദ്ധ്യമാകാൻ തുടങ്ങിയത്. സ്വതന്ത്രവും നീതിപൂർണവുമായ തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയമായാണ് പ്രകീർത്തിപ്പെടാറുള്ളത്. തൊണ്ണൂറുകോടിയിൽപ്പരം വോട്ടർമാർ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണിത്. ജനാധിപത്യത്തിന് ഒരുപോറൽ പോലും ഏൽക്കാതെ കൃത്യമായ സമയങ്ങളിൽ തിരഞ്ഞെടുപ്പ് മുടക്കം കൂടാതെ നടക്കുന്നുവെന്നതു തന്നെ വലിയ വിജയമാണ്. സമാധാനപരമായ അന്തരീക്ഷത്തിൽ ഇൗ തിരഞ്ഞെടുപ്പും നടന്നുകാണാനാണ് ജനാധിപത്യ വാദികൾ ആഗ്രഹിക്കുന്നത്. അക്കാര്യം ഉറപ്പുവരുത്തേണ്ട ബാദ്ധ്യത രാജ്യത്തെ രാഷ്ട്രീയ കക്ഷികൾക്കുണ്ട്. രാഷ്ട്രീയ കക്ഷികൾക്ക് മാത്രമല്ല ജനങ്ങളെ സംബന്ധിച്ചും പരീക്ഷണത്തിന്റെ ദിനങ്ങളാണ് വരാൻ പോകുന്നത്.