ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോൾ രാജ്യത്ത് ഈ നാല് വനിതാ നേതാക്കളിലേക്കാവും ഇക്കുറി കൂടുതൽ ശ്രദ്ധപതിയുക. നിശ്ചയദാർഢ്യം കൊണ്ട് ദീദിയായ മമത ബാനർജി, അപരാജിത തന്ത്രങ്ങൾക്ക് പേരുകേട്ട മായാവതി, അർജുനന്റെ തേരാളിയാകാൻ കടന്നുവന്ന കൃഷ്ണനെ ഓർമ്മിപ്പിക്കുന്ന പ്രിയങ്ക ഗാന്ധി, നയതന്ത്രത്തിന്റെ പുഞ്ചിരിക്കുന്ന മുഖമായ നിർമ്മല സീതാരാമൻ.
മമത ബാനർജി
മൂന്ന് പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തെ തുടച്ചുമാറ്റി പശ്ചിമബംഗാളിൽ ചരിത്രമെഴുതിയ ആത്മവിശ്വാസവുമായാണ് മമത ബാനർജി ഇക്കുറി ഡൽഹി ലക്ഷ്യംവച്ച് നീങ്ങുന്നത്. കഴിഞ്ഞ തവണ അണ്ണാ ഹസാരയെ കൂട്ടുപിടിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക് ചുവടുകൾ വച്ചിരുന്നെങ്കിലും ആ പടനീക്കം അത്രകണ്ട് ഫലവത്തായിരുന്നില്ല. ഇത്തവണ പ്രതിപക്ഷ ഐക്യനിരയാണ് ആയുധം. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത ഒരു മന്ത്രിസഭയാണ് വരുന്നതെങ്കിൽ പ്രധാനമന്ത്രി പദത്തിലേക്ക് ഒരുപക്ഷേ, മമതയുടെ പേര് ഉയർന്നു കൂടായ്കയില്ല. പ്രതിപക്ഷനിരയെ ഏകോപിപ്പിച്ച് കൊൽക്കത്തയിൽ നടത്തിയ മഹാറാലിയിൽ 23ഓളം പ്രതിപക്ഷ പാർട്ടികളെയും 25ഓളം പ്രമുഖ നേതാക്കാളെയും എത്തിക്കാൻ മമതയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് മമതയുടെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ടുമാത്രമാണ്.
മായാവതി
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ അത്ഭുതമെന്ന് മുൻ പ്രധാനമന്ത്രി നരസിംഹ റാവു വിശേഷിപ്പിച്ച നേതാവാണ് ബി.എസ്.പിയെ നയിക്കുന്ന മായാവതി നൈന കുമാരിയെന്ന 63കാരി. ഇന്ത്യയിൽ മുഖ്യമന്ത്രി ആകുന്ന ആദ്യത്തെ ദളിത് വനിതയാണ് മായാവതി - ഇങ്ങനെ പറഞ്ഞെങ്കിൽ മാത്രമേ ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാവതിയെന്ന അത്ഭുതം എന്താണെന്ന് നിർവചിക്കാനാകൂ. യു.പിയിൽ ബി.എസ്.പിയ്ക്കുള്ള ശക്തമായ പിടിപാടാണ് മായാവതിയെന്ന രാഷ്ട്രീയ നേതാവിന്റെ തുറുപ്പുചീട്ട്. രാഷ്ട്രീയ തന്ത്രജ്ഞതയിൽ ഒട്ടും പിന്നിലല്ല. എന്നാൽ, നാലുതവണ ഉത്തർപ്രദേശിന്റെ ഭരണസാരഥിയായിരുന്ന മായാവതിയുടെ പാർട്ടിയ്ക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനായില്ല. ആ ഒന്നുമില്ലായ്മയിൽ നിന്നാണ് അവർ ഇന്ദ്രപ്രസ്ഥത്തിന്റെ രാജ്ഞിയാകാൻ തയാറെടുക്കുന്നത്. അതിലേക്കുള്ള ആദ്യപടിയായിരുന്നു 35 വർഷത്തെ രാഷ്ട്രീയവൈരം അവസാനിപ്പിച്ച് ഇക്കുറി എസ്.പിയോട് കൂട്ടുകൂടിയത്. ബഹൻജിയെന്ന് അടുപ്പക്കാർ വിളിയ്ക്കുന്ന മായാവതിയുടെ കൗശലങ്ങൾ ഇനിയും രാജ്യം കാണാനിരിക്കുന്നതേയുള്ളൂവെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
പ്രിയങ്ക ഗാന്ധി
ഏറെക്കാലത്തെ അണികളുടെ കാത്തിരിപ്പിനുശേഷം സഹോദരന്റെ തേരാളിയായാണ് പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം. മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ മുഖച്ഛായയും അച്ഛൻ രാജീവ് ഗാന്ധിയുടെ നിറഞ്ഞചിരിയും അമ്മ സോണിയ ഗാന്ധിയുടെ അടവുനയങ്ങളുമൊക്കെ ഏതാണ്ടതുപോലെ പകർന്നുകിട്ടിയ പ്രിയങ്ക ഭരണം കൈയാളുക എന്നതിലുപരി പാർട്ടിയേയും സഹോദരനെയും ഭരണപദത്തിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ ജീവന്മരണ പോരാട്ടമാണ് ഇന്ദ്രപ്രസ്ഥത്തിൽ നടക്കാനിരിക്കുന്നത്. കോൺഗ്രസിന്റെ തുറുപ്പുഗുലാനാണ് പ്രിയങ്ക. ജനക്കൂട്ടവുമായി പെട്ടെന്നിണങ്ങുന്ന പ്രിയങ്കയുടെ പ്രകൃതം തന്നെയാണ് ഗ്രാമങ്ങളിൽ കോൺഗ്രസിന്റെ പ്രതീക്ഷ. നേരത്തെ അമ്മയുടെയും സഹോദരന്റെയും മണ്ഡലങ്ങളിൽ മാത്രമായിരുന്നു സാന്നിദ്ധ്യമറിയിച്ചിരുന്നതെങ്കിൽ ഇപ്പോൾ പ്രിയങ്കയുടെ തട്ടകം കിഴക്കൻ യു.പിയാകെയാണ്. ഭർത്താവും വ്യവസായിയുമായ റോബർട്ട് വാധ്രയ്ക്ക് പിന്നാലെയുള്ള വിവാദങ്ങൾ പ്രിയങ്കയ്ക്കെതിരെ പ്രയോഗിക്കാൻ എതിരാളികൾ കരുതിവച്ചിരിക്കുന്ന രാഷ്ട്രീയ ആയുധങ്ങളാണ്. പക്ഷേ, ''അതൊക്കെ അതിന്റെ വഴിയ്ക്ക് നടക്കും. ഞാനെന്റെ പണി ചെയ്യുന്നു" - എന്നുള്ള ഒറ്റ മറുപടിയിൽ പ്രിയങ്ക അതിന്റെയൊക്കെ മുന ചെറുതായെങ്കിലും ഒടിച്ചുകഴിഞ്ഞു.
നിർമ്മല സീതാരാമൻ
ഇന്ദിരാഗാന്ധിക്കുശേഷം രാജ്യത്തിന്റെ പ്രതിരോധം കൈകാര്യം ചെയ്യുന്ന കരുത്തുറ്റ വനിതയാണ് നിർമ്മല സീതാരാമൻ. പഠനകാലത്ത് സെയിൽസ് ഗേളായി ജോലിനോക്കി രാജ്യത്തിന്റെ സുപ്രധാന പദവിയിലെത്തിയ നിർമ്മല തീർച്ചയായും ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ബി.ജെ.പിയുടെ പടയോട്ടത്തിൽ നിർണായക പങ്ക് വഹിക്കും. പ്രളയബാധിതരായ കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ, അതിർത്തിയിലെ സൈനികർക്ക് ഊർജം പകരാൻ.. അങ്ങനെ നയതന്ത്രപരമായി പെരുമാറേണ്ടിവരുന്ന ഇടങ്ങളിലൊക്കെ കേന്ദ്രം തിരഞ്ഞെടുത്തത് നിർമ്മലയെയാണ്. ഏത് സാഹചര്യങ്ങളെയും പക്വതയോടെയും മികച്ച നേതാവിന്റെ ആജ്ഞാശക്തിയോടെയും നേരിടാൻ നിർമ്മലയ്ക്കു കഴിയും എന്നതുതന്നെ കാരണം. തമിഴരോട് തമിഴിലും മലയാളികളോട് തമിഴ് കലർന്ന മലയാളത്തിലും വിദേശത്ത് ശുദ്ധമായ ഇംഗ്ലീഷിലും അങ്ങനെ പലഭാഷകളിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള നിർമ്മലയുടെ പ്രത്യേകതയെ സ്ത്രീ വോട്ടർമാർക്കിടയിൽ പാർട്ടി ഉപയോഗപ്പെടുത്തുെമന്ന കാര്യത്തിൽ സംശയമില്ല. താഴേക്ക് ഇറങ്ങിച്ചെല്ലാനും എത്രവേണമെങ്കിലും ഉയരാനും കഴിയുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട് 59കാരിയായ തമിഴ്നാട്ടിൽ നിന്നുള്ള ഈ നേതാവ്.