പൂവാർ: കാരോട് ബൈപാസ് നിർമ്മാണം ഉയർത്തുന്ന വെല്ലുവിളികൾ നിരവധി. അതിൽ പ്രധാനം ബൈപാസിന്റെ പൂർത്തീകരണം തന്നെയാണ്. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്നു പറഞ്ഞ് ആരംഭിച്ച നിർമ്മാണം ഇപ്പോൾ എങ്ങുമെത്തിയില്ലെന്നു മാത്രമല്ല വീണ്ടും സമയപരിധി നീട്ടിയിരിക്കുകയാണ്. ഒപ്പം ജനങ്ങളുടെ ദുരിതവും നീളും.
ബൈപാസ് നിർമ്മാണം വൈകുന്തോറും ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശവും രൂക്ഷമാകുകയാണ്. ടാർ ചെയ്ത റോഡുകൾ പെട്ടെന്ന് പൊട്ടിപ്പൊളിയുന്നു. നിർമ്മാണം ഏറ്റെടുത്ത കമ്പനിയുടെ ചുമതലകളിൽ പെടുന്നതാണ് അനുബന്ധ പി.ഡബ്ലിയു.ഡി റോഡുകളും, ഇതുമൂലം തകരാറിലായ പഞ്ചായത്ത് റോഡുകളും നവീകരിക്കുക എന്നത്. എന്നാൽ ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിക്കാതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണുണ്ടായത്. വീണ്ടും പദ്ധതി കാലാവധി നീട്ടിയ സാഹചര്യത്തിൽ
ജനങ്ങളുടെ മനസിൽ ബൈപാസ് എന്ന് പൂർത്തിയാകുമെന്ന ഒരൊറ്റ ചോദ്യം മാത്രം ബാക്കിയാവുകയാണ്.
ബൈപ്പാസിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതാണ് പ്രധാന വെല്ലുവിളി. മാത്രമല്ല ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് പൂർണമായും നഷ്ടപരിഹാരം നൽകാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഭൂമി അഞ്ച് ഗ്രേഡുകളായി തിരിച്ചപ്പോഴുണ്ടായ അപാകതകളും അണ്ടർ ഗ്രൈണ്ടും ഓവർ ബ്രിഡ്ജും ആവശ്യമുള്ള സ്ഥലത്തെ തകർന്ന റോഡുകളുടെ ശേചനീയാവസ്ഥയും ഇതുവരെ പരിഹരിച്ചിട്ടില്ല. സ്ഥലമെടുത്തതുമായി ബന്ധപ്പെട്ട് നടക്കുന്ന കോടതി നടപടികൾക്ക് ഒത്തുതീർപ്പായിട്ടില്ല.
കോവളം മുൻ എം.എൽ.എ അഡ്വ. ജമീലാ പ്രകാശം ലീഗൽ അഡ്വൈസറായും വി. സുധാകരൻ കൺവീനറായും രൂപീകരിക്കപ്പെട്ട ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഷ്ടപരിഹാരം സമയബന്ധിതമായി നൽകണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ. കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപുറം, ചെങ്കൽ, കാരോട് തുടങ്ങിയ പഞ്ചായത്തുകളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്. ഈ സ്ഥലങ്ങളിലെല്ലാം ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ യോഗങ്ങളും സമരപരിപാടികളും നടന്നു.