kallar

വിതുര: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജനം അരുവികളും നീർച്ചാലും തേടി നെട്ടോട്ടത്തിലാണ്. ഒപ്പം ജനങ്ങൾക്ക് ഇരട്ടി പ്രഹരമായി വാമനപുരം നദിയുടെ ഉൽഭവസ്ഥാനമായ കല്ലാർ നദിയും വറ്റിവരണ്ടു തുടങ്ങി. കല്ലാറിലേക്ക് ഒഴുകിയെത്തിയിരുന്ന ചെറുനദികളും ഇതിനോടകം വറ്റി വരണ്ടുകഴിഞ്ഞു. രണ്ടാഴ്ചയ്ക്കിടെ നദിയുടെ ജല നിരപ്പ് ഗണ്യമായി കുറഞ്ഞു.

കല്ലാർ മുതൽ വിതുര വരെയുള്ള ഭാഗത്ത് പലയിടത്തും നദി നിശ്ചലാവസ്ഥയിലായി. ചെമ്മുഞ്ചി മലനിരകളിൽ നിന്നുൾപ്പടെ കല്ലാറിലേക്ക് ഒഴുകിയെത്തിയിരുന്ന മിക്ക ചെറു പുഴകളും ഇതിനകം വറ്റിവരണ്ടു. സാധാരണ ശക്തമായ വരൾച്ചയിൽ പോലും കല്ലാർ കളകളാരവം മുഴക്കി ഒഴുകുമായിരുന്നു. നദിയെ അമിതമായി ചൂഷണം ചെയ്തതാണ് കല്ലാറിന് ശാപമായതെന്നും പരാതിയുണ്ട്.
കല്ലാർ വറ്റിയതോടെ തീരപ്രദേശങ്ങളിലെ കിണറുകളും വരണ്ടുണങ്ങി. പമ്പ് ഹൗസുകളുടെ പ്രവർത്തനവും തടസ്സപ്പെടുന്ന അവസ്ഥയാണ്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ കുടിനീർക്ഷാമം രൂക്ഷമായതോടെ നാട്ടുകാർ വാമനപുരം നദിയെയാണ് ആശ്രയിക്കുന്നത്. വാഹനങ്ങളിൽ തുണികെട്ടുകളും പാത്രങ്ങളും കഴുകുകയും കുളിക്കുകയും ചെയ്ത ശേഷമാണ് മടങ്ങുന്നത്. രാത്രിയിൽ വരെ നദിയിൽ കുളിക്കുവാനെത്തുന്നവരുടെ തിരക്കാണ്. എന്നാർ നദിയിലെ നീരൊഴുക്ക് കുറഞ്ഞു വരുന്നത് നാട്ടുകാർക്ക് വിനയായി മാറിയിട്ടുണ്ട്. അര നൂറ്രാണ്ട് മുൻപ് ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിലെ കൃഷികൾ സംരക്ഷിക്കുന്നതിനും കുടിവെള്ളവിതരണം സുഗമമാക്കുന്നതിനുമായി വാമനപുരം ജലസേചനപദ്ധതി നടപ്പിലാക്കുവാൻ സർക്കാർ തീരുമാനമെടുക്കുകയും ഇതിന്റെ ഭാഗമായി ഇവിടെ പുതിയ ഡാം നിർമ്മിക്കുന്നതിനുമായി തീരുമാനമെടുത്തിരുന്നു. കല്ലാർ നിവാസികളുടെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങിയതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കല്ലാറിലെ നീരൊഴുക്ക് ഇനിയും കുറഞ്ഞാൽ കുടിവെള്ളക്ഷാമം രൂക്ഷമാകും.


നദിയിൽ മാലിന്യനിക്ഷേപം തകൃതിയായി നടക്കുകയാണ്. പൗൾട്രിഫാമുകളിൽ നിന്നുമുള്ള ഇറച്ചി വേസ്റ്റുകൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ നദിയിൽ വലിച്ചെറിയുക പതിവാണ്. മാലിന്യം കുമിഞ്ഞുകൂടി ചിലമേഖലകളിൽ ദുർഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട് ഇതിനിടയിൽ പടക്കം പൊട്ടിച്ച് മീൻപിടിത്തവും അരങ്ങേറുന്നു.നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതോടെ മണൽക്കുഴികളിൽ കെട്ടികിടക്കുന്ന മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയും ചിലമേഖലകളിലുണ്ട്. നദിയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ സമരവുമായി രംഗത്തിറങ്ങിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല.