തിരുവനന്തപുരം: പ്രചാരണത്തിൽ മുന്നണികളുടെ കണക്കുകൂട്ടലെല്ലാം തെറ്റിക്കുന്നതാണ് ഇത്തവണത്തെ കൊല്ലുന്ന ചൂട്. അതുകൊണ്ട് ചൂടിനെ എങ്ങനെ പിടിച്ചുകെട്ടാമെന്ന ആലോചനയാണ് മുഖ്യം. ഇപ്പോഴേ കടുത്ത ചൂട് ഏപ്രിൽ പിറക്കുമ്പോഴേക്കും കൂടുതൽ കനക്കുമെന്ന് കാലാവസ്ഥക്കാർ തന്നെ മുന്നറിയിപ്പ് പറഞ്ഞിട്ടുണ്ട്. സ്ഥാനാർത്ഥികളും പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നവരും പ്രവർത്തകരുമൊക്കെ ഒരുപോലെ വെന്തു പരുവമാകും.
മേയ് ആദ്യവാരത്തോടെ തുടങ്ങുന്ന വേൽമഴയാണ് മുൻ വർഷങ്ങളിൽ ചൂടിന് അല്പം ആശ്വാസം പകർന്നത്. അപ്പോഴേക്കും ഇവിടെ വോട്ടെടുപ്പ് കഴിയും. പിന്നെ, വോട്ടെണ്ണൽ വരെയുള്ള ദിവസങ്ങൾ വീട്ടിലിരുന്ന് ടെൻഷനടിച്ച് ഉരുകിയാൽ മതി! രാവിലെ 11 മുതൽ 3 വരെ പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ജോലിക്കു നിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണവും ഒരു പുറംപണിയാണെങ്കിലും അതിന് നിയന്ത്രണം വച്ചാൽ വോട്ട് മറ്റാരുടെയെങ്കിലും ബട്ടനിൽ പോകും. അതുകൊണ്ട് സൂര്യാഘാതം വകവയ്‌ക്കാതെ പൊരിഞ്ഞു പണിയെടുത്തേ പറ്റൂ.
മുൻ വർഷങ്ങളിൽ മാർച്ചിൽ അനുഭവപ്പെട്ടതിനേക്കാൾ കടുത്ത ചൂട് പാലക്കാട്, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ ഇപ്പോഴേയുണ്ട്. പാലക്കാട്ട് 39 ഡിഗ്രിവരെ ചൂട് അനുഭവപ്പെടുന്നുണ്ടെന്ന് മുണ്ടൂരിലെ ഐ.ആർ.ടി.സി നിരീക്ഷണ കേന്ദ്രം പറയുന്നു. ഇത്തവണ 0.5 മുതൽ ഒരു ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കണക്കുകൂട്ടൽ. ചൂട് ശക്തി പ്രാപിക്കുന്ന ഏപ്രിൽ രണ്ടാംവാരം മുതലാകും ഇത്. സൂര്യാതപത്തിന് ഉൾപ്പെടെ സാദ്ധ്യതയുള്ള സമയമാണിത്. പാലക്കാട്, തൃശൂർ, പുനലൂർ മേഖലകളിലാവും ഏറ്റവും ഉയർന്ന വേനൽച്ചൂട്.
ഇന്നലെ പാലക്കാട്ട് രേഖപ്പെടുത്തിയ ഉയർന്ന താപനില 37.7 ഡിഗ്രി സെൽഷ്യസ്. പുനലൂരിൽ 37 ഡിഗ്രി. കണ്ണൂരിൽ 36.5- ഉം കോഴിക്കോട്ട് 36 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. കണ്ണൂർ, തൃശൂർ, ആലപ്പുഴ ജില്ലകളിൽ താപനില 35 ഡിഗ്രിക്കു മുകളിലാണ്. തിരുവനന്തപുരം,കോട്ടയം ജില്ലകളിലും ചൂട് ശരാശരി താപനിലയേക്കാൾ മൂന്ന് ഡിഗ്രിവരെ ഉയർന്നിട്ടുണ്ട്. രാത്രിച്ചൂടും കൂടി.
ചൂട് കൂടുന്നതിന് അനുസരിച്ച് പ്രചാരണ സമയം ക്രമീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. രാവിലെ നേരത്തേ പ്രചാരണത്തിന് ഇറങ്ങുക. ഉച്ചയ്ക്ക് 12 മണിയോടെ പ്രചാരണത്തിന് ബ്രേക്ക് നൽകി മൂന്നരയോടെ വീണ്ടും തുടങ്ങുക. അതാണ് ടെക്‌നിക്.