2

വിഴിഞ്ഞം: കത്തിക്കാളുന്ന വേനൽച്ചൂടിൽ നിന്നു ആശ്വാസം കണ്ടെത്താനായി കടൽക്കുളിയിലേർപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ചൂടിൽ നിന്ന് രക്ഷ നേടാനായി കോവളത്തെത്തുന്ന വിദേശികളുടെയും സ്വദേശികളുടെയും എണ്ണം കൂടുകയാണ്.

സാധാരണ രാവിലെയും വൈകി​ട്ടുമാണ് കടൽക്കുളിക്ക് തിരക്ക് അനുഭവപ്പെടുന്നതെങ്കിൽ ഇപ്പോൾ മുഴുവൻ സമയവും സഞ്ചാരികൾ കടലിൽ തന്നെയാണ്. ഒക്ടോബറിൽ ആരംഭിച്ച സീസണിൽ ഇത്തവണ ധാരാളം വിദേശികളാണ് എത്തിയത്. ചൂട് കൂടുന്നതോടെ തീരത്ത് കുടയും കട്ടിലും വാടകയ്ക്ക് നൽകുന്നവരുടെ കൊയ്ത്തുകാലമാണ്. ഹോട്ടലുകളിൽ ശീതളപാനീയങ്ങൾക്കാണ് ആവശ്യക്കാരേറെയും. കേരളത്തിലെ ചൂട് വിദേശികൾക്കും താങ്ങാവുന്നതിലപ്പുറമാണ്. ഇപ്പോൾ കോവളത്തുള്ള വിദേശ സഞ്ചാരികളിലേറെയും പ്രായമേറിയവരാണ്. ഇവർ കടൽക്കുളി കഴിഞ്ഞാൽ സൂര്യസ്നാനം നടത്താതെ നേരെ ഹോട്ടൽ മുറികളിലേക്ക് മുങ്ങുകയാണ്.

കോവളം തീരത്തേക്കുള്ള സഞ്ചാരികളുടെ വരവ് കൂടിയപ്പോൾ പണി കൂടിയത് ലൈഫ് ഗാർഡുമാർക്കാണ്. ചുട്ടുപ്പൊള്ളുന്ന മണൽപ്പരപ്പിൽ താത്കാലിക കുടകൾക്കു കീഴിൽ എല്ലാ സമയവും കടലിൽ കുളിയിലേർപ്പെട്ടിരിക്കുന്നവരെ നിരീക്ഷിക്കുകയാണ്. ലൈഫ് ഗാർഡുകൾക്ക് കുടകൾ നൽകിയിട്ടുണ്ടെങ്കിലും മണലിലെ ചൂട് സഹിക്കാനാകുന്നില്ലെന്ന് ഇവർ പറയുന്നു. തിരക്കേറുമ്പോൾ അപകടങ്ങളും വർദ്ധിക്കുന്നുണ്ട്.

വേനൽ കടുത്താൽ ഇത്തവണ സീസൺ മേയ് മാസത്തിലേക്കും നീളാനാണ് സാദ്ധ്യത. സ്കൂൾ വാർഷിക പരീക്ഷകൾ നടക്കുന്നതിനാൽ ഇപ്പോൾ തീരത്ത് കുട്ടികൾ കുറവാണ്. വെക്കേഷൻ തുടങ്ങുന്നതോടെ തീരത്ത് ഇനിയും സഞ്ചാരികളുടെ എണ്ണം കൂടും.