election

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് മത്സരിക്കുന്നവർ ക്രിമിനൽ കേസുകളിൽ പ്രതിയാണെങ്കിൽ അതിന്റെ വിവരം പ്രചാരമുള്ള പത്രങ്ങളിൽ മൂന്ന് തവണ പരസ്യം ചെയ്യണം. സുപ്രീംകോടതി വിധി അനുസരിച്ചാണ് ഈ പരിഷ്കാരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രകടനത്തിലോ ധർണയിലോ പങ്കെടുത്തതിന്റേതുൾപ്പെടെ രാഷ്ട്രീയ കേസുകളുടെ വിവരങ്ങൾ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികൾ നൽകുന്ന പരസ്യത്തിലുൾക്കൊള്ളിക്കണം. രാഷ്ട്രീയ പാർട്ടികൾ സംസ്ഥാന തലത്തിലും ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം. പാർട്ടികളുടെ വെബ്സൈറ്റിലും ഉൾപ്പെടുത്തണം.

പത്രത്തിലടക്കം പ്രസിദ്ധീകരിച്ചതിന്റെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഹാജരാക്കണം. കമ്മിഷൻ തയ്യാറാക്കിയ ഫോം 26ൽ വേണം കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ. പ്രസിദ്ധീകരണ ചെലവ് സ്ഥാനാർത്ഥികളുടെ പ്രചാരണച്ചെലവിൽ പെടുത്തണം. സ്ഥാനാർത്ഥിയുടെയും ആശ്രിതരുടെയും കഴിഞ്ഞ അഞ്ച് വർഷത്തെ സ്വത്ത് വിവരങ്ങളും വരുമാനവും വെളിപ്പെടുത്തണം.

70 ലക്ഷം രൂപ വരെയാണ് ഒരു സ്ഥാനാർത്ഥിക്ക് പ്രചാരണത്തിന് ചെലവിടാനാവുക. പതിനായിരം രൂപയ്ക്ക് മേലുള്ള ഇടപാടുകൾ ചെക്കോ ഡ്രാഫ്റ്റോ മുഖേനയായിരിക്കണം. സമൂഹമാദ്ധ്യമങ്ങൾക്കായി ചെലവിടുന്ന തുകയും പ്രചാരണച്ചെലവിൽ പെടുത്തും. പ്രചാരണത്തിനുപയോഗിക്കുന്ന സമൂഹമാദ്ധ്യമങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ കമ്മിഷനെ മുൻകൂട്ടി അറിയിക്കണം.

രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ ആറ് വരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈക്ക് ഉപയോഗിക്കരുത്. മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പരസ്യങ്ങൾ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റിയുടെ അനുമതിയോടെയേ പ്രസിദ്ധീകരിക്കാവൂ. തിരഞ്ഞെടുപ്പ് സർവേ പ്രസിദ്ധീകരിക്കുന്നതിനും കമ്മിഷന്റെ അനുമതി വേണം. 750 ബൂത്തുകൾ പ്രശ്നബാധിതമായി കണക്കാക്കുന്നു.

 എല്ലായിടത്തും വിവിപാറ്റ്

മുഴുവൻ പോളിംഗ്ബൂത്തുകളിലും ഇക്കുറി വിവി പാറ്റ് ഉണ്ടാവും. 24970 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 44436 വിവിപാറ്റുകളും 32772 ബാലറ്റ് യൂണിറ്റുകളും 35393 കൺട്രോൾ യൂണിറ്റുകളും തയ്യാർ. ആവശ്യമുള്ളതിന്റെ 135 ശതമാനമാണ് വിവിപാറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്.

 ഭിന്നശേഷിക്കാർക്ക് വാഹനം

ഭിന്നശേഷിക്കാർക്ക് പോളിംഗ് സ്റ്റേഷനുകളിലെത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സൗജന്യമായി കെ.എസ്.ആർ.ടി.സി ബസുകളും മറ്റ് പൊതുഗതാഗത സൗകര്യങ്ങളും ഏർപ്പെടുത്തും. എല്ലാ സ്റ്റേഷനുകളിലും കുടിവെള്ളവും ടോയ്‌ലറ്റ് സൗകര്യവുമുറപ്പാക്കും.

 തിരിച്ചറിയൽ രേഖകൾ

ബൂത്ത് ലെവൽ ഓഫീസർമാർ നൽകുന്ന വോട്ടർസ്ലിപ് മാത്രമുപയോഗിച്ച് വോട്ട് ചെയ്യാൻ അനുവദിക്കില്ല. ഫോട്ടോയുള്ള തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡോ മറ്റ് 11 തിരിച്ചറിയൽ രേഖകളോ ഹാജരാക്കണം. രേഖകൾ: പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, സംസ്ഥാന, കേന്ദ്ര സർക്കാരോ പൊതുമേഖലാ സ്ഥാപനങ്ങളോ പബ്ലിക് ലിമിറ്റഡ് കമ്പനികളോ ബാങ്കുകളോ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ. പോസ്റ്റോഫീസ് പാസ്ബുക്ക്, പാൻകാർഡ്, തൊഴിലുറപ്പ് കാർഡ്.

 യുവതയുടെ ശക്തി

സംസ്ഥാനത്ത് 30- 39 പ്രായപരിധിയിലാണ് ഏറ്റവുമധികം വോട്ടർമാർ: 5692670.18- 19 വയസിലുള്ളവർ: 2,61,778 പേർ. 20- 29 പ്രായപരിധിയിൽ 45,23,000.


കൺട്രോൾ റൂം

ജോയിന്റ് സി.ഇ.ഒയുടെ മേൽനോട്ടത്തിൽ 5എ ഹാളിൽ കൺട്രോൾ റൂം. മീഡിയാ റൂമും ഇവിടെ.