വിതുര: കല്ലാറിന് സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം കുമാരപുരം സ്വദേശികളായ ഉണ്ണി അൽഫോൺസ്(26), പ്രവീൺദാസ് (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പൊൻമുടി സന്ദർശനം കഴിഞ്ഞ് മടങ്ങിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ചേർന്ന് യുവാക്കളെ ഉടൻ വിതുര ഗവ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും അപകടനില തരണം ചെയ്‌തതായി ഡോക്ടർ അറിയിച്ചു.