kummanam-rajasekharan

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിത്വമുറപ്പിച്ച കുമ്മനം രാജശേഖരൻ ഇന്നെത്തും.

ഡൽഹിയിൽ നിന്ന് രാവിലെ 8.40- ന് എത്തുന്ന കുമ്മനത്തിന് വിമാനത്താവളത്തിൽ തിരുവനന്തപുരം പൗരാവലിയുടെ പേരിൽ ഗംഭീര സ്വീകരണം നൽകാനാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

ബി.ജെ.പി, സംഘപരിവാർ നേതാക്കൾക്കു പുറമേ തലസ്ഥാനത്തെ പൗരപ്രമുഖരെയും സ്വീകരണത്തിൽ പങ്കെടുപ്പിക്കും.

നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാകും അദ്ദേഹത്തെ നഗരത്തിലേക്ക് ആനയിക്കുക.പഴവങ്ങാടി ക്ഷേത്രദർശനത്തിനു ശേഷം കുമ്മനം ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും. മിസോറം ഗവർണർ പദവി കഴിഞ്ഞ ദിവസം രാജിവച്ച കുമ്മനം തിരുവനന്തപുരത്തേക്കു മടങ്ങുന്നതിന് മുന്നോടിയായി ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. 'വിജയിച്ചു വരൂ' എന്ന് മോദി കുമ്മനത്തിന് ആശംസ നേർന്നു.

 പ്രഖ്യാപനം വൈകില്ല

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുമുള്ള എൻ.ഡി.എ സ്ഥാനാർത്ഥികളെ ബി.ജെ.പി അഖിലേന്ത്യാ നേതൃത്വം ഉടൻ പ്രഖ്യാപിക്കും. മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് എന്നതിനാൽ ആദ്യഘട്ട പോളിംഗ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും കേരളത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ തീരുമാനിച്ച് കളത്തിലിറങ്ങിയ സാഹചര്യത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന.