തിരുവനന്തപുരം: മോദി സർക്കാരിനെ ഏറ്രവും വേഗം താഴെയിറക്കുകയാണ് പ്രധാനമെന്നും മോദി അഞ്ചു വർഷം കൂടി തുടർന്നാൽ രാജ്യത്ത് എന്ത് സംഭവിക്കുമെന്ന ഉത്കണ്ഠ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്കെല്ലാമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എ. സമ്പത്തിന്റെ തിരഞ്ഞെടുപ്പു കൺവെൻഷൻ ആറ്റിങ്ങൽ സൺ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
രാജ്യത്തെ ഒരു മേഖലയിലും മുന്നോട്ടു നയിക്കാൻ മോദിക്കായില്ല. ഭരണത്തിന് നേതൃത്വം നൽകുന്നത് ബി.ജെ.പിയും അവർക്ക് നേതൃത്വം നൽകുന്നത് ആർ.എസ്.എസുമാണ്. ഇതുമൂലം ഏറ്റവും വലിയ ആപത്ത് സംഭവിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കാണ്. ആർ.എസ്.എസിന് കൂറ് നാസിസത്തോടാണ്. ജനാധിപത്യ- ഭരണ സ്ഥാപനങ്ങളെ ഇതിനായി ദുർബലപ്പെടുത്തുന്നു. ആർ.ബി.ഐക്കും സി.ബി.ഐക്കും നേരിടേണ്ടിവന്നത് എല്ലാവർക്കുമറിയാം. ജുഡിഷ്യറിയുടെ പരമോന്നത സ്ഥാനത്തിരിക്കുന്നവർ പോലും സർക്കാരിന്റെ ചെയ്തികളെക്കുറിച്ച് പരസ്യമായി പറയാൻ നിർബന്ധിതരായി.
പല രൂപത്തിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും കാരണം രാജ്യം വിറങ്ങലിച്ചു നിൽക്കുന്നു. പ്രത്യേക വിഭാഗത്തിൽപ്പെടുന്നവരെ കണ്ടാൽ കൊലപ്പെടുത്തുന്ന അവസ്ഥ. പശുവിന്റെ പേരിലും അക്രമങ്ങൾ നടത്തുന്നു.
10 വർഷം ഭരിച്ച യുപി.എ സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടർച്ചയാണ് മോദിയും നടപ്പാക്കുന്നത്. അയോദ്ധ്യയിൽ രാമക്ഷേത്രം തങ്ങൾക്കേ നിർമ്മിക്കാൻ കഴിയൂ എന്നാണ് ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ പറയുന്നത്. മതനിരപേക്ഷതയെ സംരക്ഷിക്കുന്ന നയമാണോ ഇത്.
കോടികൾ മുടക്കി ആൾക്കാരെ സ്വാധീനിക്കാൻ കഴിയുന്ന കാലമാണ്. ആളെ മൂടത്തക്കവിധത്തിൽ കോടികൾ കൊണ്ടുവന്നാലും ഇടതുപക്ഷത്തിന്റെ ആരെയും കിട്ടില്ല. ഈ സന്ദർഭത്തിൽ ഇടതുപക്ഷത്തിന് എന്തുചെയ്യാൻ കഴിയുമെന്ന ചോദ്യമുണ്ട്. ഇടതുപക്ഷത്തിന് എന്തുചെയ്യാൻ കഴിയുമെന്ന് പലതവണ തെളിയിച്ചിട്ടുണ്ട്. വലിയ ശക്തിയായതുകൊണ്ടല്ല, ഉള്ള ശക്തി ശരിയായി വിനിയോഗിച്ചതുകൊണ്ടാണത് സാദ്ധ്യമായത്. ബദൽനയം മുന്നോട്ടുവച്ചു പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും പിണറായി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ ബി. സത്യൻ, വി. ജോയി, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ എ. സമ്പത്ത്, സി. ദിവാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആനത്തലവട്ടം ആനന്ദൻ, ആനാവൂർ നാഗപ്പൻ, എം. വിജയകുമാർ, കോലിയക്കോട് കൃഷ്ണൻനായർ, ജമീലാപ്രകാശം, ബി. രവികുമാർ, ഉഴമലയ്‌ക്കൽ വേണുഗോപാൽ, എം.എം. മാഹീൻ, വാമനപുരം പ്രകാശ്കുമാർ, എസ്. രാധാകൃഷ്ണൻ, കവടിയാർ ധർമ്മൻ തുടങ്ങിയവർ പങ്കെടുത്തു. വി. ശിവൻകുട്ടി സ്വാഗതം പറഞ്ഞു.