തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ ഡ്യൂട്ടി നോക്കുന്ന ട്രാഫിക് പൊലീസുകാർ പൊള്ളലേറ്റു വീണോട്ടെ എന്നാണോ? ചൂട് കടുത്തതോടെ വെയിലേൽക്കാൻ സാദ്ധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യുന്നത് ലേബർ കമ്മിഷണർ വിലക്കിയിരുന്നു. ഇതനുസരിച്ച് മിക്ക തൊഴിലിടങ്ങളിലും നിയന്ത്രണം വന്നു. ട്രാഫിക് പൊലീസുകാരുടെ കാര്യത്തിൽ പക്ഷേ ഒരു നിയന്ത്രണവുമില്ല. ഇന്നലെയും ഒരു ട്രാഫിക് പൊലീസുകാരന് സൂര്യാഘാതമേറ്റിരുന്നു.
സംസ്ഥാനത്തെ രണ്ടായിരത്തോളം ട്രാഫിക് പൊലീസുകാരും, ട്രാഫിക് ഡ്യൂട്ടി നോക്കുന്ന ആയിരത്തോളം വാർഡന്മാരും ഹോം ഗാർഡുമാരും പൊരിവെയിലേറ്റാണ് ജോലി ചെയ്യുന്നത്. പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ളവർക്ക് തണലായി കുടയുള്ള ഐലൻഡുകൾ മുമ്പുണ്ടായിരുന്നു. ഗതാഗത ക്രമീകരണങ്ങളുടെ പേരിൽ മിക്കതും പൊളിച്ചുനീക്കി. ട്രാഫിക് സിഗ്നൽ സംവിധാനം ഇല്ലാത്തിടത്തൊക്കെ പൊലീസുകാർതന്നെ വേണം ഗതാഗതം നിയന്ത്രിക്കാൻ. കൊടുംചൂടിനു പുറമെ ടാറിട്ട റോഡിൽ നിന്നുള്ള കൊടും ചൂടും വാഹനങ്ങളിൽ നിന്നുള്ള ചൂടും കൂടിയാകുമ്പോൾ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാർ വറചട്ടിയിലാകും.
ട്രാഫിക് ഡ്യൂട്ടി
രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയും രണ്ടു മുതൽ രാത്രി എട്ടു വരയുമായി രണ്ട് ഷിഫ്ടുകൾ.
ആദ്യത്തെ ഷിഫ്റ്റാണ് കഠിനം. രാവിലെ 9 ആകുമ്പോഴേക്കും ചൂടു കനത്തു തുടങ്ങും. 11 കഴിയുമ്പോൾ സഹിക്കാൻ പറ്റാത്ത സ്ഥിതിയാകും. കുട പിടിച്ചു നിൽക്കാൻ അനുവാദമില്ല.
തിരക്കുള്ള ജംഗ്ഷനിൽ ഡ്യൂട്ടിയിലുള്ളവർക്ക് വെള്ളം കുടിക്കാൻ പോലും സമയമോ സൗകര്യമോ കിട്ടില്ല. ഡ്യൂട്ടി ക്രമീകരണത്തിന് നിലവിൽ വ്യവസ്ഥയില്ലെന്നാണ് പൊലീസ് മേധാവികളുടെ പ്രതികരണം.
പൊലീസുകാരുടെ കാര്യത്തിൽ തൊഴിൽവകുപ്പ് നിസ്സഹായരാണ്. ആഭ്യന്തര വകുപ്പാണ് ഉചിതമായ നടപടിയെടുക്കേണ്ടത്
- തുളസീധരൻ, അഡി. ലേബർ കമ്മിഷണർ.