തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ അജൻഡയിൽ ആദ്യഘട്ടത്തിൽ മുഖ്യ വിഷയം ശബരിമലയും യുവതീപ്രവേശന വിധിയും തന്നെയാകുമെന്ന സൂചന നൽകി ഇന്നലെ ആദ്യ സംവാദം പൊട്ടിപ്പുറപ്പെട്ടു. സുപ്രീംകോടതി വിധിയെ മതവികാരം ഇളക്കിവിടുന്ന തരത്തിൽ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ചാൽ ചട്ടലംഘനമാകുമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പിന് പിന്നാലെ, അത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാക്കളെത്തി. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടുകളെ ചോദ്യം ചെയ്യുമെന്ന് തന്നെയാണ് ബി.ജെ.പി ജനറൽസെക്രട്ടറി കെ. സുരേന്ദ്രന്റെ മുന്നറിയിപ്പ്. ശബരിമല വിഷയം ചർച്ചയാകാതെ പറ്റില്ലെന്ന് തിരുവനന്തപുരത്തെ നിയുക്ത സ്ഥാനാർത്ഥി കൂടിയായ കുമ്മനം രാജശേഖരനും ഡൽഹിയിലും വ്യക്തമാക്കി.
സുപ്രീംകോടതി വിധിയെയല്ല, അതിലെ സർക്കാർസമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് ബി.ജെ.പി നിലപാടെടുക്കുന്നു. യു.ഡി.എഫും സമാനനിലപാടിലാണ്. തിരഞ്ഞെടുപ്പിൽ അവരിരുവരുടെയും ഇടതുമുന്നണിക്കെതിരായ മുഖ്യ പ്രചാരണവിഷയവും അതുതന്നെയാവും.
ശബരിമല വിഷയം മദ്ധ്യ, തെക്കൻ തിരുവിതാംകൂറിൽ സൃഷ്ടിച്ച തിരയിളക്കം വിശ്വാസി- അവിശ്വാസി തർക്കം എന്ന നിലയിൽ വളർത്തിയെടുക്കുക വഴി അനുകൂലമായി മാറുമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നു. വിശ്വാസികൾക്കൊപ്പം തുടക്കം മുതൽ ഉറച്ചുനിന്നത് തങ്ങളാണെന്ന് അവകാശപ്പെടുന്ന യു.ഡി.എഫും സമാന പ്രതീക്ഷയിലാണ്. എന്നാൽ, വിശ്വാസത്തിനെതിരല്ല മറിച്ച് ലിംഗസമത്വത്തിലൂന്നിയുള്ള ഭരണഘടനാബെഞ്ചിന്റെ വിധി മാനിക്കുക മാത്രമാണ് ചെയ്തതെന്ന് ഇടത് കേന്ദ്രങ്ങൾ പറയുന്നു. എൻ.എസ്.എസ് നേതൃത്വവും സംഘപരിവാർ നിയന്ത്രണത്തിലുള്ള ശബരിമല കർമ്മസമിതിയുമെല്ലാം കൈക്കൊണ്ട നിലപാടുകൾ ഹൈന്ദവധ്രുവീകരണത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നുള്ള കണക്കുകൂട്ടലിലാണ് അതിനെ ശക്തിപ്പെടുത്താനുതകുന്ന പ്രസംഗം പ്രധാനമന്ത്രി തന്നെ കൊല്ലത്തും തൃശൂരിലും നടത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ ബി.ജെ.പി ഇതിന്റെ അനുരണനങ്ങൾ നല്ലപോലെ പ്രതീക്ഷിക്കുന്നു. സംഘപരിവാർ നേതൃത്വത്തിന് പ്രിയപ്പെട്ട മുഖമായ കുമ്മനം രാജശേഖരനെ ഗവർണർ പദവി പോലും രാജിവയ്പിച്ച് കൊണ്ടുവരുന്നതും അതുകൊണ്ടാണെന്നിരിക്കെ വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ശബരിമല വിവാദം കത്തിക്കാളുമെന്ന് തന്നെ കരുതണം.
അതേസമയം, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽ സ്ഥാനാർത്ഥിനിർണയ പ്രതിസന്ധി തുടരുമ്പോൾ മണ്ഡലം കൺവെൻഷനുകളിലൂടെ പ്രചാരണത്തിന് തുടക്കമിട്ട ഇടതുമുന്നണി ഒരു ചുവട് മുന്നിലെത്തിയിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾ നിർണായകമാകുന്ന സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധവോട്ടുകളെ ആകർഷിക്കുകയെന്ന മുഖ്യ പ്രചാരണലക്ഷ്യം ഇടതുമുന്നണി മുന്നോട്ടുവയ്ക്കുമെന്ന സന്ദേശമാണ് ഇന്നലെ ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നൽകിയത്.