parassala

പാറശാല: കഴിഞ്ഞ ദിവസം രാത്രി ഇഞ്ചിവിളയിലുണ്ടായ സി.പി.എം - ബി.ജെ.പി സംഘർഷത്തിന്റെ തുടർച്ചയായി രണ്ട് സി.പി.എം പ്രവർത്തകരുടെയും മൂന്ന് ബി.ജെ.പി പ്രവർത്തകരുടെയും വീടുകൾക്ക് നേരെ ആക്രമണം. സി.പി.എം പാറശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ബിജുവിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ജനാലയുടെ ഗ്ലാസുകൾ പൂർണമായും തകർന്നു. മുൻവശത്തെ കതകിൽ വാളുകൊണ്ട് വെട്ടിയത്തിന്റെ പാടുകളുണ്ട്. ബിജുവിന്റെ ബൈക്കിന് നേരെയും ആക്രമണമുണ്ടായി. സി.പി.എം പ്രവർത്തകനും പാറശാല പഞ്ചായത്ത് പ്രസിഡന്റുമായ എസ്. സുരേഷിന്റെ വീടിന് നേരെയുണ്ടായ കല്ലേറിൽ ഒരു ജനാലയുടെ ഗ്ലാസ് തകർന്നിട്ടുണ്ട്. രണ്ട് വീടുകൾക്ക് നേരെയും രാത്രി 2.20നാണ് ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവർത്തകനും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ഇഞ്ചിവിള മഹേഷ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രവീൺ, ബി.ജെ.പി പാറശാല മണ്ഡലം വൈസ് പ്രസിഡന്റ് ഇഞ്ചിവിള അനിൽ എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. മഹേഷിന്റെയും അനിലിന്റെയും വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. അനിലിന്റെ വീടിന് മുന്നിലുണ്ടായിരുന്ന കാറിന്റെ ഗ്ലാസുകൾ തകർത്തിട്ടുണ്ട്. പാറശാല പഞ്ചായത്ത് കമ്മിറ്റി പ്രവീണിന്റെ വീടിന് മുൻവശത്തെ ഗേറ്റ് ഇളക്കി മാറ്റി അകത്ത് കടന്നവർ വീടിന്റെ പിൻഭാഗത്തെ കതക് ചവിട്ടിത്തുറന്നു. അകത്ത് ആരും ഇല്ലായിരുന്നു. ആർ. ബിജുവിന്റെയും, എസ്. സുരേഷിന്റെയും വീടുകൾ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുത്തൻകട വിജയൻ തുടങ്ങിയവർ സന്ദർശിച്ചു. ബി.ജെ.പി പ്രവർത്തകരുടെ വീടുകൾ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കരമന ജയൻ സ്ഥലത്തെത്തി അംഗങ്ങളുടെ വീടുകൾ സന്ദർശിച്ചു.

ഫോട്ടോ: സി.പി.എം.പാറശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.ബിജുവിന്റെ

വീടിന് നേരെ ഉണ്ടായ ആക്രമണത്തിൽ ജനാലയുടെ ഗ്ലാസുകൾ തകർന്ന നിലയിൽ.

2. സി.പി.എം പ്രവർത്തകനും പാറശാല പഞ്ചായത്ത് പ്രസിഡന്റുമായ

എസ്. സുരേഷിന്റെ വീടിന് നേരെയുണ്ടായ കല്ലേറിൽ ഒരു ജനാലയുടെ ഗ്ലാസ് തകർന്ന നിലയിൽ.

3. ബി.ജെ.പി പാറശാല മണ്ഡലം വൈസ് പ്രസിഡന്റ് ഇഞ്ചിവിള അനിലിന്റെ വീടിന് മുന്നിൽ കിടന്ന കാറിന്റെ ഗ്ലാസുകൾ തകർത്ത നിലയിൽ.

4 പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള ഡി.വൈ.എഫ്.ഐ

പ്രവർത്തകരായ നെടുവൻവിള സ്വദേശി ജയറാം (24), ഇഞ്ചിവിള സ്വദേശി വിപിൻ(24), പാറശാല സ്വദേശികളായ എബിനേഷ് (23), അനിൽകുമാർ (23) എന്നിവരെ എം. വിജയകുമാറും, സി.കെ. ഹരീന്ദ്രൻ എം.എൽ.എയും

ആശുപത്രിയിലെത്തി സന്ദർശിക്കുന്നു.