psc

തിരുവനന്തപുരം: വകപ്പുതല പരീക്ഷകളെല്ലാം ഓൺലൈനാക്കാൻ പി.എസ്.സി തീരുമാനിച്ചു. ഇതിനായി കൂടുതൽ സർക്കാർ/എയ്ഡഡ് എൻജിനിയറിംഗ് കോളജുകളുടെ സഹായം തേടും. വകുപ്പ്തല പരീക്ഷകൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ അഭിരുചി പരീക്ഷ വിജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവിൽ 29 സർക്കാർ/എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളാണ് പി.എസ്.സിയുടെ ഓൺലൈൻസംവിധാനവുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുള്ളത്. ഇതിന് പുറമേ പി.എസ്.സിയുടെ നാല് ഓൺലൈൻ സെന്ററുകൾ കൂടി വരുമ്പോൾ ഒരുദിവസം ഏകദേശം 8500 പേർക്ക് മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. പല തസ്തികകളിലും സ്ഥാനക്കയറ്റത്തിനും മറ്റുമായി 12,000 മുതൽ 18,000വരെയുള്ള സർക്കാർ ജീവനക്കാരാണ് വകുപ്പുതല പരീക്ഷ എഴുതുന്നത്. ഇതിന് നിലവിലുള്ള കമ്പ്യൂട്ടറുകളും ലാബുകളും തികയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ എൻജിനിയറിംഗ് കോളജുകളുടെ സഹായം തേടാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചത്.
അഭിരുചി പരീക്ഷ വിജയകരമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പി.എസ്.സി ജീവനക്കാരെ ഇന്നലെ ചേർന്ന യോഗം ആദരിച്ചു. ഇന്ത്യയിൽ തന്നെ സ്വന്തമായി ഉദ്യോഗാർത്ഥികൾക്ക് കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ നടത്തിയ ആദ്യ പി.എസ്.സി എന്ന ഖ്യാതി ഇനി മുതൽ കേരളത്തിന് സ്വന്തമാണെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ അറിയിച്ചു.