തിരുവനന്തപുരം: ഇന്നലെ നടന്ന പ്ളസ് ടു ഇക്കണോമിക്‌സ് പരീക്ഷ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിദ്യാർത്ഥികളെ വെള്ളം കുടിപ്പിച്ചു. കെമിസ്ട്രി പരീക്ഷയിൽ സയൻസ് വിഭാഗത്തെ വട്ടം കറക്കിയതിന്റെ നേർ സാക്ഷ്യം.
സിലബസിൽ ഗണിതത്തോട് അടുത്ത് നിൽക്കുന്ന പാഠഭാഗങ്ങളിൽ നിന്നുള്ള പ്രാക്ടിക്കൽ ചോദ്യങ്ങൾ കൂടുതലായി വന്നതാണ് വിദ്യാർത്ഥികളെ വലച്ചത്. ആകെയുള്ള 29 ചോദ്യങ്ങളിൽ 12 എണ്ണവും ഈ വിധത്തിലുള്ളതായിരുന്നു. ചോദ്യ നമ്പർ 4, 10, 12, 14, 16, 18, 20, 22, 25, 26, 27, 29 എന്നീ ചോദ്യങ്ങളായിരുന്നു അവ. എല്ലാത്തിനും പ്രശ്‌നപരിഹാരം (പ്രോബ്ലം) ചെയ്ത് ഉത്തരം കണ്ടെത്തണം. ഭൂരിഭാഗം വിദ്യാർത്ഥികളും ചോദ്യങ്ങൾക്കു മുമ്പിൽ പതറി.
മൾട്ടിപ്ലെയർ, മൈക്രോ ഇക്കണോമിക്‌സ്, നാഷണൽ ഇൻകം അക്കൗണ്ടിംഗ്, ഇന്റർനാഷണൽ ട്രേഡ്, വരുമാന നിർണയം തുടങ്ങിയ പാഠഭാഗങ്ങളിൽ നിന്നുള്ളവയാണ് ഈ ചോദ്യങ്ങൾ. മോഡൽ പരീക്ഷയിൽ ഇത്തരം ചോദ്യങ്ങൾ അധികമായി ഉണ്ടായിരുന്നില്ല. രണ്ട് മാർക്കിന്റെ പത്താം നമ്പർ ചോദ്യം അഞ്ച് വരിയിൽ അതിസങ്കീർണമായാണ് ചോദിച്ചത്. ചോദ്യം വായിച്ചു മനസിലാക്കാൻ തന്നെ പാടുപെട്ടതായി വിദ്യാർത്ഥികൾ പറഞ്ഞു.
മൂന്ന് മാർക്കിന്റെ ആറ് ചോദ്യങ്ങളിൽ രണ്ടെണ്ണവും അഞ്ചു മാർക്കിന്റെ ഏഴെണ്ണത്തിൽ നാലെണ്ണവും എട്ടു മാർക്കിന്റെ മൂന്നിൽ രണ്ടു ചോദ്യവും ഫോർമുല ഉപയോഗിച്ച് ഗണിത രൂപത്തിൽ ഉത്തരം കണ്ടെത്താനുള്ളതായിരുന്നു.
'ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് ഗണിതത്തോട് വലിയ ആഭിമുഖ്യം ഉണ്ടായിരിക്കില്ല. ചോദ്യങ്ങൾ തയ്യാറാക്കിയ മാതൃകയും ചോദ്യ ശൈലിയും മനസിലാക്കാൻ പ്രയാസമുള്ളതായിരുന്നു. കുട്ടികൾ ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് പരീക്ഷയെഴുതിയത്. അഡിഷണൽ ഷീറ്റ് വാങ്ങിയവരുടെ എണ്ണം വളരെ കുറവായിരുന്നു".
- റോബിൻ, തിരുവല്ലം ബി.എൻ.വി എച്ച്.എസ്.എസ് അദ്ധ്യാപകൻ
ഫിസിക്‌സ് ഈസി
രസതന്ത്രത്തിലെ രസമില്ലായ്മയുടെ ആശങ്കയിൽ ഫിസിക്‌സ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് ആശ്വാസം. ഫിസിക്‌സ് തെല്ലും വലച്ചില്ലെന്നു മാത്രമല്ല മിടുക്കന്മാക്ക് മുഴുവൻ മാർക്കും സ്‌കോർ ചെയ്യാവുന്ന പേപ്പറുമായിരുന്നു. ശരാശരി വിദ്യാർത്ഥികൾക്കും 60 ശതമാനം മാർക്ക് കണ്ടെത്താവുന്ന ചോദ്യങ്ങൾ. മോഡൽ പരീക്ഷയുടെ പാറ്റേണിലും അതേ ചോയ്‌സിലും ചോദ്യങ്ങൾ വന്നതിനാൽ വിദ്യാർത്ഥികൾക്ക് എളുപ്പം പരീക്ഷ എഴുതാനായെന്ന് വഴുതക്കാട് കോട്ടൺഹിൽ ഗവ. ഗേൾസ് സ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപകൻ ഉമേഷ് പറയുന്നു.