02



പോത്തൻകോട്: ശ്രീനാരായണ ഗുരുദേവൻ ആദ്യകാലത്ത് വിദ്യ അഭ്യസിച്ച ചെമ്പഴന്തിയിലെ കണ്ണങ്കര വീട് ഇനി ഓർമ്മ. ചെമ്പഴന്തി ഉദയഗിരി റോഡിൽ ചെന്നാവൂർ ക്ഷേത്രത്തിന് സമീപത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാടാണ് കഴിഞ്ഞ ദിവസം നിലം പൊത്തിയത്. തടിയിലും ചെമ്മണ്ണിലും തീർത്ത വടക്കിനിയാണ് അറ്റകുറ്റപ്പണിക്കിടെ തകർന്നുവീണത്. വടക്കിനിയെ കൂടാതെ തൊടിയും കൊട്ടിയമ്പലവും കിഴക്കിനിയും ഉൾപ്പെടെ അവശേഷിച്ച 61 സെന്റ് സ്ഥലത്തിൽ 21 സെന്റ് സ്ഥലത്ത് നിന്ന കണ്ണകര വീടിൽ ഇനി അവശേഷിക്കുന്നത് മുൻ വശത്തെ കൊട്ടിയമ്പലവും കിഴക്കിനിയും മാത്രം.

ഏറെ പഴക്കമുണ്ടായിരുന്ന കെട്ടിടം ജീർണാവസ്ഥയിലായിരുന്നു. കണ്ണങ്കര മാധവൻ നായരുടെ അനുജനായ കൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലം, മാധവൻ നായരുടെ ഇളയമകനായ ഉത്തമന്റെ അധീനതയിലാണ്. പഠനശേഷം ഗുരുവിന്റെ പട്ടാഴിയിലെ വീട്ടിലേക്ക് വയൽവാരം വഴി പോകുന്നതും കണ്ണങ്കര വീടുവഴിയായിരുന്നു. ചെമ്പഴന്തി ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ‘മണയ്ക്കൽ’

എന്നായിരുന്നു. അക്കാലത്തുണ്ടായിരുന്ന പുരാതന ഈഴവ തറവാടായിരുന്നു മണയ്ക്കൽ. ഗുരുദേവന്റെ കുടുംബ ക്ഷേത്രം മണയ്ക്കൽ ഭഗവതി ക്ഷേത്രമായിരുന്നു. എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായ ചെമ്പഴന്തി പിള്ള താമസിച്ചിരുന്നത് കല്ലറത്തല വീട്ടിലും കരം‌പിരിക്കൽ നടത്തിയിരുന്ന ഇളയമുറക്കാരൻ താമസിച്ചിരുന്നത് കണ്ണങ്കര വീട്ടിലുമായിരുന്നു. 1729 ൽ മാർത്താണ്ഡവർമ്മ അധികാരം ഏറ്റെടുത്തതോടെ പിള്ളമാർക്ക് രാജാവിനോട് നീരസം തോന്നുകയും ചെമ്പഴന്തിക്ക് സമീപംവച്ച് രാജാവിനെ അപായപ്പെടുത്താൻ പദ്ധതിയിട്ടപ്പോൾ ചെമ്പഴന്തി പിള്ളയുടെ സഹോദരിയുടെ ചെമ്പഴന്തിയിലെ കണ്ണങ്കര വീട്ടിലാണ് അഭയം തേടിയത്.

മാർത്താണ്ഡവർമ്മ മഹാരാജാവിനെ രക്ഷപ്പെടുത്താൻ നടന്ന ശ്രമങ്ങളിൽ മാടനാശാന്റെ മാതുലനായ ചാരിയാംകോട്ട് ശങ്കു ആശാനും പ്രധാന പങ്കുവഹിച്ചിരുന്നു. മഹാരാജാവിനെ രക്ഷപ്പെടുത്തിയതിനു പ്രതിഫലമായി കൊട്ടാരം വക മണയ്ക്കൽ ക്ഷേത്രവും അതോട്‌ ബന്ധപ്പെട്ട വസ്തുക്കളും ശങ്കു ആശാന്റെ കുടുംബത്തിനും കണ്ണങ്കര വീട്ടുകാർക്കും കൂട്ടുപട്ടയമായി നൽകിയിരുന്നു. കുടുംബക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പലവസ്തുവകകളും ബന്ധുക്കൾ പങ്കിട്ടെടുത്തു. ക്ഷേത്രവും അതോട് ബന്ധപ്പെട്ട കുറച്ചു വസ്തുക്കളും ഗുരുവിന്റെ പിതാവിന്റെ വീട്ടുകാർക്ക് ലഭിച്ചു. ശങ്കു ആശാന്റെ കുടുംബത്തിലെ ഒടുവിലത്തെ അവകാശിയായിരുന്ന കൊച്ചപ്പി, ചെമ്പഴന്തി മണയ്ക്കൽ ക്ഷേത്രത്തിനും വസ്തുവകകൾക്കും മേൽ അവർക്കുണ്ടായിരുന്ന ജന്മാവകാശം കൊല്ലവർഷം 1101 ഗുരുവിന്റെ പേർക്ക് ദാനാധാരം എഴുതി രജിസ്റ്റർ ചെയ്തു എന്നാണ് പഴയ രേഖകളിൽ.