കാട്ടാക്കട: കാട്ടാക്കട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഫാർമസിയിൽ തീ പിടിത്തം. രണ്ടു ലക്ഷത്തോളം രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായി. ഇന്നലെ വൈകിട്ട് 5.45നാണ് സംഭവം. മരുന്നുകൾ കൂടാതെ

ബ്ലീച്ചിംഗ് പൗഡർ, ടർപ്പൻ, ഫിനോയിൽ, കെമിക്കലുകൾ എന്നിവയും ഫാർമസിയിൽ സൂക്ഷിച്ചിരുന്നു.

ശക്തമായ ചൂടിൽ രാസവസ്തുക്കളിൽ ഉണ്ടായ പ്രവർത്തനമോ, ഫിനോയിൽ ബ്ലീച്ചിംഗ് പൗഡറിൽ വീണു നനവ് പറ്റി ഉണ്ടായ രാസമാറ്റമോ ആകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കാട്ടാക്കട ഫയർഫോഴ്സ് എത്തി കഠിന പരിശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ആശുപത്രിയുടെ ഉള്ളിലേക്ക് ഫയർഫോഴ്സിനു കടക്കാൻ കഴിയാഞ്ഞതും ഫാർമസിയുടെ താക്കോൽ ലഭിക്കാഞ്ഞതും പത്തു മിനിട്ടോളം രക്ഷാ പ്രവർത്തനത്തെ ബാധിച്ചു. ഒടുവിൽ ഫാർമസിയുടെ പൂട്ട് അറുത്തു മാറ്റിയാണ് തീയണച്ചത്. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ ഓക്സിജൻ മാസ്ക് ധരിച്ചിരുന്നെങ്കിലും ഫയർമാൻമാരായ

രാജേഷ് കുമാർ, അരുൺ പി. നായർ, ശ്രീജിത്ത് എന്നിവർക്ക് ശ്വാസ തടസം നേരിട്ടു. ഇവരെ ഉടനേ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ കുമാരദാസ്, ലീഡിംഗ് ഫയർമാൻമാരായ മോഹനകുമാർ, ഫയർമാൻമാരായ പ്രശാന്ത്, ഡ്രൈവർ അലക്‌സാണ്ടർ, ജയരാജ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

മുൻകരുതൽ എന്ന നിലയ്ക്ക് കള്ളിക്കാട് നിന്ന് അസിസ്റ്റന്റ് ഓഫീസർ പ്രതാപ് കുമാറിന്റെ നേതൃത്വത്തിൽ ഒരു ഫയർയൂണിറ്റും സ്ഥലത്തെത്തിയിരുന്നു

ഡി.ജി.പിയുടെ മുൻകരുതൽ നടപടി മുഖവിലയ്ക്കെടുത്തില്ല

എറണാകുളത്തെ തീപിടിത്തത്തിന് ശേഷം മാർച്ച് ഒന്നിന് സംസ്ഥാനത്തെ എല്ലാ വലിയകെട്ടിടങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ നടപടിവേണമെന്ന് ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു. ഇതിനായി ഓരോ ഫയർഫോഴ്സ് യൂണിറ്റും ദിവസേന

കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ആദ്യ ആഴ്ച ഇതുപാലിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.