തിരുവനന്തപുരം : സി. ദിവാകരൻ......പ്രസന്റ് ടീച്ചർ, ഹെഡ്മിസ്ട്രസ് ലോല പേരുവിളിച്ചപ്പോൾ ദിവാകരൻ അനുസരണയുള്ള പഴയ വിദ്യാർത്ഥിയായി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കമലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയതായിരുന്നു സി. ദിവാകരൻ. അദ്ദേഹം അഞ്ചാം ക്ലാസുവരെ പഠിച്ച സ്കൂളാണിത്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ലോക്‌സഭ സ്ഥാനാർത്ഥി എത്തുന്നറിഞ്ഞ് പ്രിൻസിപ്പൽ ബേബി റാണി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിക്കാൻ സജ്ജരായി നിന്നിരുന്നു. അതിനിടയിലാണ് ഒഴിഞ്ഞുകിടന്ന ഒരു ക്ലാസുമുറിയിലേക്ക് അദ്ദേഹം നടന്നത്. സ്കൂൾ ലീഡർ വിജയശങ്കറിനെയും കൂട്ടി ഒരു ബെഞ്ചിലിരുന്ന അദ്ദേഹം ക്ലാസെടുക്കാൻ ആവശ്യപ്പെട്ടു. ഇതെന്തു കഥ എന്ന മട്ടിൽ അദ്ധ്യാപകർ പരസ്പരം നോക്കി. "ഞാൻ സി. ദിവാകരൻ നാലാം ക്ലാസിൽ പഠിക്കുന്നു. എനിക്ക് പഠിക്കണം. ക്ലാസെടുക്ക്.'' അല്പം പതറിനിന്ന ലോല ടീച്ചർ പെട്ടെന്ന് ക്ലാസിനകത്തെ ടേബിളിനു മുന്നിലെത്തി ഹാജർ വിളിച്ചു.'' സി. ദിവാകരൻ..." രംഗം പിന്നെ സൗഹൃദച്ചിരിക്ക് വഴിമാറി. സി. ദിവാകരൻ പഴയ പള്ളിക്കൂട ജീവിതം പങ്കുവച്ചു.
1952വരെ അഞ്ചാം ക്ലാസ് വരെ മാത്രമുണ്ടായിരുന്ന കമലേശ്വരം സ്കൂളിലെ ഓരോ അദ്ധ്യാപകരുടെ പേരും അദ്ദേഹം ഓർത്തെടുത്തു. ഉച്ചയ്ക്ക് ആഹാരം കഴിക്കാനില്ലാതെയാണ് തന്റെ തലമുറയിലുള്ളവർ പഠിച്ചിരുന്നതെന്നും അത് മനസിലാക്കിയാണ് ഭക്ഷ്യമന്ത്രി ആയപ്പോൾ എല്ലാ സ്കൂളിലും ഉച്ചയ്ക്ക് കഞ്ഞിക്ക് പകരം ചോറും കറികളും നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. ഇന്നലെ ഇവിടെനിന്നാണ് ദിവാകരൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. രാവിലെ 9.30ന് സ്കൂളിലെത്തിയ ഇടതുമുന്നണി സ്ഥാനാർത്ഥിയെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്നു സ്വീകരിച്ചു. അരമണിക്കൂറോളം സ്കൂളിൽ ചെലവഴിച്ച ദിവാകരൻ വരാന്തയിലൂടെ അല്പനേരം നടന്നശേഷമാണ് മടങ്ങിയത്. അദ്ധ്യാപകരായ ഷിബു, അജീഷ്, ശ്രീകല, സരിത, പി.ടി.എ പ്രസിഡന്റ് കുമാർ, വാർഡ് കൗൺസിലർ എസ്. ഗീതാകുമാരി, കെ.കെ. പുഷ്പവല്ലി, വി.എസ്. സുലോചനൻ, അനിൽ, കെ.സി. കൃഷ്ണൻകുട്ടി, വി. ഷാജി, വി. രാമചന്ദ്രൻ, സുരേന്ദ്രൻ, രവീന്ദ്രൻ, ലെനിൻ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.