യുദ്ധത്തിലും പ്രേമത്തിലും അതിരുകളൊന്നും കല്പിക്കാനാവില്ലെന്നു പറഞ്ഞതുപോലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എതിരാളിയുടെ മേൽ വിജയം ഉറപ്പാക്കാൻ പല തന്ത്രങ്ങളും പ്രയോഗിക്കുന്നത് പതിവാണ്. പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ അതിരുകൾ ഭേദിക്കരുതെന്നേ ഉള്ളൂ. ചട്ടങ്ങളുണ്ടെങ്കിലും തിരഞ്ഞെടുപ്പു കാലത്ത് വോട്ടർമാരെ കൈയിലെടുക്കാൻ ഏതറ്റം വരെയും പോവുകയെന്നത് പൊതുവേ കാണുന്ന പ്രവണതയാണ്. ഗുരുതരമായ ചട്ടലംഘനങ്ങളുടെ പേരിൽ കോടതി കയറേണ്ടിവരുന്ന അനുഭവങ്ങളും അപൂർവമല്ല. വാമൊഴിയും വരമൊഴിയും തിരഞ്ഞെടുപ്പുകാലത്ത് അങ്ങേയറ്റം സൂക്ഷിച്ചുതന്നെ വേണമെന്ന് ഓർമ്മിപ്പിക്കുന്ന ഇലക്ഷൻ കേസുകളും ഉദാഹരണങ്ങളായി മുന്നിലുണ്ട്. വിദ്വേഷം വളർത്തുന്ന വിഷയങ്ങളല്ല, നിലപാടുകൾക്കും ആശയങ്ങൾക്കും മുൻതൂക്കം നൽകുന്ന സമീപനമാണ് ഏറെ സ്വീകാര്യം.
കഴിഞ്ഞ ആറുമാസത്തിലേറെയായി കേരള സമൂഹത്തെ പിടിച്ചുലച്ച ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട വിഷയം തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുന്നതിനെതിരെ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ശബരിമല വിഷയം ആയുധമാക്കി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നാണു മുന്നറിയിപ്പ്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയ കക്ഷികളെ ഇക്കാര്യം ഓർമ്മിപ്പിച്ചത്. പ്രചാരണ രംഗത്ത് ഏതു വിഷയവും കടന്നെത്തുന്നതിൽ അസ്വാഭാവികതയൊന്നുമില്ല.
എന്നാൽ മതസ്പർദ്ധ സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായാൽ ആത്യന്തികമായി അത് ദോഷം ചെയ്യുന്നത് തങ്ങൾക്കു തന്നെയാകുമെന്ന് അറിയാത്തവരല്ല തഴക്കവും പഴക്കവുമുള്ള ഇവിടത്തെ രാഷ്ട്രീയക്കാർ. ശബരിമല വിഷയം പരാമർശിക്കപ്പെടാനേ പാടില്ലെന്ന് നിഷ്കർഷിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന് എങ്ങനെ കഴിയുമെന്നത് തർക്കമുള്ള സംഗതിയാണ്. വിഷയം വർഗീയമായി ആളിക്കത്തിച്ച് അതിൽ നിന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് ചട്ടലംഘനമായി വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. അങ്ങനെ ചെയ്യുന്നവർക്കെതിരെ നിയമം അനുശാസിക്കുന്ന നടപടി ആകാമെങ്കിലും വിഷയം ഉച്ചരിക്കാനേ പാടില്ലെന്ന് വിലക്കുന്നത് ജനാധിപത്യ വ്യവസ്ഥിതി ഉറപ്പുതരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലേ എന്നാണ് സംശയം. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബാധിക്കുന്ന ഏതു പ്രശ്നവും സജീവ ചർച്ചാവിഷയമാകാറുണ്ട്. ആരോഗ്യകരമായ ചർച്ചകളും വിമർശനങ്ങളും ജനാധിപത്യത്തിൽ അനിവാര്യവുമാണ്.
സാധാരണക്കാർ അഭിപ്രായ രൂപീകരണത്തിന് ആശ്രയമാക്കുന്നത് ഇത്തരം വേദികളാണെന്ന വസ്തുത മറന്നുകൂടാ. നന്മതിന്മകൾ വിലയിരുത്താനും അതിനനുസരണമായി തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുമുള്ള വലിയ വേദിയാണ് പ്രചാരണ യോഗങ്ങൾ. സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാനും ആശയങ്ങൾ ജനങ്ങളിലെത്തിക്കാനും എല്ലാ കക്ഷികളും ഇത്തരം വേദികൾ പരമാവധി പ്രയോജനപ്പെടുത്താറുമുണ്ട്. ശബരിമല വിഷയം കേരളത്തിലെ ജനങ്ങൾക്ക് അന്യമൊന്നുമല്ല. നിരവധി ആഴ്ചകളായി പൊതുമണ്ഡലത്തിൽ സജീവമായി നിലനിൽക്കുന്ന വിഷയമാണിത്. സ്വാഭാവികമായും പ്രചാരണയോഗങ്ങളിൽ അത് ഉയർന്നുവരികയും ചെയ്യും. ബന്ധപ്പെട്ട കക്ഷികൾ ഈ വിഷയത്തെക്കുറിച്ച് ഇതിനകം പറഞ്ഞുവച്ച കാര്യങ്ങൾക്കപ്പുറം സവിശേഷമായി മറ്റെന്തെങ്കിലുമുണ്ടാകുമോ എന്നു സംശയമാണ്. അതുകൊണ്ടുതന്നെ അതിഭീകര സ്വഭാവമുള്ള ഒരു സ്ഫോടക വിഷയമായി ഇതിനെ കാണേണ്ട കാര്യമില്ല. വോട്ടർമാർ വിദ്യാസമ്പന്നരും ഏതു വിഷയത്തിലും സ്വന്തം അഭിപ്രായമുള്ളവരുമാകയാൽ മൈതാന പ്രസംഗങ്ങളിൽ വഴിതെറ്റിപ്പോകുമെന്നു കരുതുന്നതും മൗഢ്യമാണ്. രാജ്യത്തെത്തന്നെ വർഗീയമായി ഭിന്നിപ്പിച്ച സംഭവമായിരുന്നു രാമജന്മഭൂമി പ്രശ്നവും തുടർന്നുണ്ടായ ബാബ്റി മസ്ജിദ് തകർക്കലും. അന്നുമുതൽ ഇന്നേവരെയുള്ള എല്ലാ തിരഞ്ഞെടുപ്പു വേദികളിലും അത് പ്രധാന ചർച്ചാവിഷയമായിട്ടുണ്ട്. അതിന്റെ പേരിൽ പെരുമാറ്റച്ചട്ട വാൾ ആർക്കെങ്കിലുമെതിരെ പ്രയോഗിച്ചതായും കേട്ടിട്ടില്ല.
ഇതൊക്കെയാണെങ്കിലും തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയകക്ഷികൾ സ്വയം പെരുമാറ്റച്ചട്ടമുണ്ടാക്കി അതിനകത്തുനിന്നു പ്രവർത്തിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അനാവശ്യ വിവാദങ്ങളും ഇലക്ഷൻ കമ്മിഷന്റെ ഇടപെടലുകളും ആളിക്കത്താനിടയുള്ള സംഘർഷവുമൊക്കെ ഒഴിവാക്കാൻ ഇത്തരം സ്വയം നിയന്ത്രണങ്ങൾ ഉപകരിക്കും. അധികാരത്തിലിരിക്കുന്നവർക്ക് പ്രചാരണരംഗത്ത് എപ്പോഴും ഒരു വിധത്തിലുള്ള മേൽക്കൈ ലഭിക്കുക പതിവാണ്. ഭരണനേട്ടങ്ങൾ പ്രചാരണത്തിലുൾപ്പെടുത്തി ജനങ്ങളെ സ്വാധീനിക്കാൻ കഴിയും. കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങളിലും നേതാക്കളുടെ പ്രസംഗങ്ങളിലുമൊക്കെ സൈന്യത്തെപ്പോലും കൂട്ടുപിടിച്ചുകൊണ്ടുള്ള അവകാശ വാദങ്ങൾ കാണുകയുണ്ടായി. ഇത്തരം നടപടികളും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്. എന്തൊക്കെ വിലക്കുകളുണ്ടെങ്കിലും പ്രചാരണം കൊഴുക്കുന്ന വേളയിൽ ചട്ടവും നിയമവുമൊക്കെ അകലെ മാറിനിൽക്കാറാണു പതിവ്.