തിരുവനന്തപുരം: കോട്ടയത്തെ സ്ഥാനാർത്ഥിനിർണയവുമായി ബന്ധപ്പെട്ടുള്ളത് കേരള കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നും അതവർ തന്നെ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് ഘടകകക്ഷിയുടെ ആഭ്യന്തര കാര്യത്തിൽ മുന്നണി നേതൃത്വം ഇടപടേണ്ട സാഹചര്യമില്ല. ഏതെങ്കിലും പാർട്ടിയിൽ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടായാൽ അവർ തന്നെ പരിഹരിക്കണമെന്നാണ് യു.ഡി.എഫ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടൊക്കെ പാർട്ടികളിൽ തർക്കങ്ങൾ സ്വാഭാവികമാണ്.
15നകം കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയ്‌ക്ക് അന്തിമരൂപം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സി.പി.എം നേരത്തേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും തോല്‌ക്കുകയും ചെയ്യുക സാധാരണമാണ്. കോൺഗ്രസ് അഖിലേന്ത്യാ പാർട്ടിയായതിനാൽ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്‌താണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. സി.പി.എമ്മിനെ പോലെ പ്രാദേശിക പാർട്ടിയല്ല. സി.പി.എമ്മിന് കാര്യങ്ങൾ ഇവിടെ തിരുമാനിച്ചാൽ മതി. തർക്കമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ വിഭാഗത്തിൽപെട്ടവർക്കും മതിയായ പരിഗണന സ്ഥാനാർത്ഥി നിർണയത്തിൽ നൽകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ശബരിമല വിഷയംഉന്നയിക്കരുതെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ?
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്നറിയില്ല. ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഈ വിഷയം ഉന്നയിക്കും. മതപരമായ ഭിന്നതയും വർഗീയധ്രുവീകരണവും ഉണ്ടാക്കുന്ന പ്രചരണം പാടില്ലെന്ന് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിഷ്‌കർഷിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ മാത്രമല്ല എല്ലാത്തിലും അതാണ് ചട്ടം. എന്നാൽ ശബരിമല വിഷയം കേരളത്തിൽ വിശ്വാസത്തിന് നേരേ നടന്ന വെല്ലുവിളിയും വലിയ ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിച്ചതുമാണ്. കേരളത്തിൽ നടന്ന ഈയൊരു സംഭവം തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന് പറയുന്നതിൽ എന്താണർത്ഥമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.