mohanlal

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിന്റെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രണവപത്മം പുരസ്‌കാരം നടൻ മോഹൻലാലിന്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 25ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന സമ്മേളനത്തിൽ നേപ്പാൾ മുൻ പ്രധാനമന്ത്രിയും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവുമായ ജാലാനാഥ് ഖനൽ സമ്മാനിക്കും. ശ്രീകുമാരൻ തമ്പി, ഡോ. ജോർജ് ഓണക്കൂർ, മധുപാൽ, ഡോ. ജി. രാജ്‌മോഹൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്. വാർത്താസമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം പ്രതിനിധി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ജൂറി അംഗങ്ങൾ, സബീർ തിരുമല, എസ്. സേതുനാഥ് എന്നിവർ പങ്കെടുത്തു.