ആറ്റിങ്ങൽ: തിരക്കുപിടിച്ച ആറ്റിങ്ങൽ ദേശീയപാതയിൽ നടക്കുന്ന സമ്മേളനങ്ങൾ മൂലം വൻ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ടി.ബി ജംഗ്ഷനിലെ ഓപ്പൺഎയർ ഓഡിറ്റോറിയം പൊടിപിടിച്ചു കിടക്കുമ്പോഴാണ് ഗതാഗതക്കുരുക്കിന് വഴിവച്ച് ദേശീയ പാതയ്ക്ക് ഇരുവശവും സമ്മേളനങ്ങൾ നടക്കുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇത് ഉപയോഗപ്പെടുത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
വിവിധ രാഷ്ട്രീയസംഘടനകളും, സർവീസ് സംഘടനകളും സന്നദ്ധസംഘടനകളുമെല്ലാം സമ്മേളനങ്ങൾക്കും സ്വീകരണങ്ങൾക്കുമായി തിരഞ്ഞെടുക്കുന്നത് ഇപ്പോഴും തിരക്കേറിയ കച്ചേരി ജംഗ്ഷനാണ്. ഇത് നഗരത്തിലെത്തുന്ന സാധാരണക്കാരെയും യാത്രക്കാരെയും വിഷമിപ്പിക്കുകയാണ്.
നടുറോഡിൽ സമ്മേളനങ്ങൾ നടത്താൻ പൊലീസിന്റെ മൗനാനുവാദം ഉണ്ടെന്നതാണ് ആക്ഷേപം. കച്ചേരിനടയിൽ ചിറയിൻകീഴ് റോഡിനും ബി.ടി.എസ്. റോഡിനും ഇടയ്ക്കുളള സ്ഥലത്താണ് ഇപ്പോൾ എല്ലാ യോഗങ്ങളും നടക്കുന്നത്.
ആലംകോട് ഭാഗത്തുനിന്ന് ചിറയിൻകീഴ്, വക്കം, കടയ്ക്കാവൂർ ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ വൺവേയായ ബി.ടി.എസ്. റോഡിലൂടെ പാലസ് റോഡിലിറങ്ങിയാണ് പോകേണ്ടത്. കച്ചേരി ജംഗ്ഷനിൽ സമ്മേളനങ്ങൾ നടക്കുമ്പോൾ ഈ റോഡിലെ ഗതാഗതം തടയുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാവുകയാണ്. ഈ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ കിഴക്കേനാലുമുക്കിലേയ്ക്ക് കടത്തിവിട്ട് പാലസ് റോഡിലേയ്ക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇത് ദേശീയപാതയെയും പാലസ് റോഡിനെയും ഒരുപോലെ കുരുക്കുന്നു.
കിഴക്കേനാലുമുക്കിൽ നിന്ന് കച്ചേരിനടയിലൂടെ ആലംകോട് ഭാഗത്തേക്ക് പോകുന്ന ഇരുചക്രവാഹനങ്ങൾ കച്ചേരിനടയിലെ കലാപസ്മാരകം ചുറ്റി ദേശീയപാതയിലിറങ്ങി പോകണമെന്നാണ് വ്യവസ്ഥ. അപകടമൊഴിവാക്കുന്നതിനും കുരുക്കൊഴിവാക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം പൊലീസ് ഏർപ്പെടുത്തിയിട്ടുളളത്. യോഗങ്ങൾ നടക്കുന്ന സമയത്ത് ഈ സംവിധാനമാകെ താളം തെറ്റുകയാണ്. ഇതോടെ കച്ചേരി ജംഗ്ഷൻ ഗതാഗത കുരുക്കാകും. നിരനിരയായി പൊലീസുകാർ നിന്നാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
കച്ചേരിനടയിൽ നിന്നുമാറി സമ്മേളനങ്ങൾ നടത്തിയാൽ ജനശ്രദ്ധകുറഞ്ഞുപോകുമെന്നതിനാലാണ് കച്ചേരിനടയിൽത്തന്നെ സമ്മേളനം നടത്തുന്നത്. ഇടുങ്ങിയ റോഡിൽ വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന യോഗങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ശക്തമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.