തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്ന് കേരളത്തിലെത്തുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കാശ്മീരിൽ കൊല്ലപ്പെട്ട ധീരജവാൻ വസന്തകുമാറിന്റെ വയനാട്ടിലെ വീട് സന്ദർശിക്കാൻ അനുമതി ലഭിച്ചില്ല. മാവോയിസ്റ്റ് ഭീഷണിയെ തുടർന്നാണ് എസ്.പി.ജിയും പൊലീസും അനുമതി നിഷേധിച്ചത്. എസ്.പി.ജിയുടെയും പൊലീസിന്റെയും അന്തിമാനുമതി ലഭിച്ചാലേ രാഹുൽഗാന്ധി വയനാട്ടിൽ പോകൂ എന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11 ന് ചെന്നൈയിലെത്തുന്ന രാഹുൽ വൈകിട്ട് 3.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. തുടർന്ന് ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് പോകും. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തും. തുടർന്ന് കൊച്ചിയിലേക്ക് പോകും. തൃശൂരിൽ തങ്ങുന്ന രാഹുൽഗാന്ധി നാളെ രാവിലെ പത്തിന് അഖിലേന്ത്യാ ഫിഷർമെൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കും.
തൃശൂരിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽഗാന്ധി രാഷ്ട്രീയ കൊലപാതകത്തിനിരയായ ഷുഹൈബിന്റെ കുടുംബത്തെ വി.ഐ.പി ലോഞ്ചിൽ കാണും. തുടർന്ന് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകൾ സന്ദർശിക്കും. വൈകിട്ട് അഞ്ചിന് കോഴിക്കോട് ബീച്ച് മൈതാനത്ത് ജനമഹാറാലി ഉദ്ഘാടനം ചെയ്യും. വടക്കൻ കേരളത്തിലെ ആറ് ജില്ലകളിലെ ഒരു ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് കൊടിക്കുന്നിൽ അറിയിച്ചു. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും.