temple

തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് തുടങ്ങും. വൈകിട്ട് 5ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട് ഗുരുപൂജ നടത്തും. സമാപനദിവസമായ 19ന് രാവിലെ 10.15നാണ് പൊങ്കാല. ഇന്ന് വൈകിട്ട് 6ന് ക്ഷേത്രസന്നിധിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കലാസാംസ്‌കാരിക സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് കരിക്കകം ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള കരിക്കകത്തമ്മ പുരസ്‌കാരം (25,001 രൂപ) നടൻ ജയറാമിന് മന്ത്രി സമ്മാനിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള 101 പേർക്ക് മേയർ വി.കെ. പ്രശാന്ത്,​ വി.എസ്. ശിവകുമാർ എം.എൽ.എ,​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ,​ ടൈറ്റാനിയം ചെയർമാൻ എ.എ. റഷീദ്,​ കരിക്കകം വാർഡ് കൗൺസിലർ ഹിമാസിജി എന്നിവർ ചികിത്സാസഹായം വിതരണം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ - സീരിയൽ താരം കൊച്ചുപ്രേമൻ നിർവഹിക്കും. ദേവി തങ്കരഥത്തിൽ എഴുന്നള്ളുന്ന പ്രധാന ചടങ്ങായ പുറത്തെഴുന്നള്ളത്ത് 17,​ 18,​ 19 തീയതികളിൽ നടക്കും. രാവിലെ ഒമ്പതിന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. ദിവസവും രാവിലെ പന്തീരടിപൂജ, നവകം, കലശാഭിഷേകം എന്നിവയും വൈകിട്ട് ഭഗവതി സേവയും പുഷ്പാഭിഷേകവും ഉണ്ടാവും. പൊങ്കാലയ്ക്ക് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിവിധ ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കു പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയും പ്രത്യേക സർവീസ് നടത്തും. ഉത്സവത്തോട് അനുബന്ധിച്ച് ട്രെയിനുകൾക്കും കൊച്ചുവേളിയിൽ സ്റ്റോപ്പ് അനുവദിക്കും. 2.15ന് പൊങ്കാല തർപ്പണം നടക്കും. 150 പൂജാരിമാരെ തർപ്പണത്തിനായി നിയോഗിച്ചിട്ടുണ്ട്. 15 ലക്ഷം പേർ പൊങ്കാലയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. 13 മുതൽ 17 വരെ രാവിലെ 11 മുതൽ രണ്ട് വരെ അന്നദാനം ഉണ്ടായിരിക്കും. ഓരോ ദിവസവും 20,000 പേർക്ക് സദ്യ നൽകും.

ഇന്നത്തെ പരിപാടികൾ

ക്ഷേത്രചടങ്ങുകൾ
രാവിലെ 4.30ന് നിർമ്മാല്യ ദർശനം, 6.15ന് എതിർത്തപൂജ, 8.30ന് പന്തീരടി പൂജ, 11.30ന് കലശാഭിഷേകം, വൈകിട്ട് 5ന് ഗുരുപൂജ, രാത്രി 7.45ന് പുഷ്‌പാഭിഷേകം, 9.30ന് അത്താഴപ്പൂജ.

കലാപരിപാടികൾ
സ്റ്റേജ് 1
രാവിലെ 5 മുതൽ വിവിധ ഭജനസംഘങ്ങളുടെയും നൃത്തസംഘങ്ങളുടെയും കലാപരിപാടികൾ
രാത്രി 7.30 ന് മേജർ സെറ്റ് കഥകളി. കഥ: നളചരിതം

സ്റ്റേജ് 2
വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം
കരിക്കകത്തമ്മ പുരസ്കാരദാനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ,
കലാപരിപാടികളുടെ ഉദ്‌ഘാടനം: സിനിമാ നടൻ കൊച്ചുപ്രേമൻ
രാത്രി 7.30ന് സംഗീതക്കച്ചേരി: പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കർ.
9.30ന് ശാസ്ത്രീയ നൃത്തങ്ങൾ: രുദ്രതാലിക ഡാൻസ് സ്‌കൂൾ പട്ടം, ഗാനമേള : ശ്രീരാഗം മ്യൂസിക്, തിരുവനന്തപുരം.