km-mani-

തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിലെ മാണി- ജോസഫ് തർക്കത്തിൽ ഉടനേ തലയിടേണ്ടെന്ന തീരുമാനത്തിലാണ് സി.പി.എം. കരുനീക്കങ്ങൾ ശക്തിപ്പെടുത്തി കോൺഗ്രസും കരുതലോടെ നീങ്ങുന്നു. മാണിയുമായി ഇനിയൊരു യോജിച്ച പോക്ക് ജോസഫിനുണ്ടാവില്ലെന്ന് തോന്നൽ ശക്തിപ്രാപിച്ചതോടെ അദ്ദേഹത്തിന്റെ അടുത്ത നീക്കങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് തിരഞ്ഞെടുപ്പ് ലഹരിയിലായിക്കഴിഞ്ഞ രാഷ്ട്രീയകേരളം.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാണിഗ്രൂപ്പിൽ ലയിച്ച പി.ജെ. ജോസഫ് പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫിൽ തുടരാനുള്ള നീക്കമാണ് നടത്തുന്നത്. എന്നാൽ ഉടനേ പാർട്ടി പിളർത്തിയാലത് കൂറുമാറ്റ നിരോധനപ്രശ്നത്തിലേക്ക് നീങ്ങാം. തത്കാലം ജോസഫ് മാത്രം എം.എൽ.എ സ്ഥാനമൊഴിഞ്ഞ് കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന പ്രചാരണമുണ്ട്. പിളർന്നാലും ഇല്ലെങ്കിലും ജോസഫ് യു.ഡി.എഫ് വിട്ട് പോകില്ലെന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ അനൗപചാരിക സംഭാഷണങ്ങളിലും 'മുന്നണി വിടാതിരിക്കൽ ധാരണ' രൂപപ്പെട്ടതായാണ് സൂചനകൾ. കോൺഗ്രസിനെ പിണക്കിയുള്ള നീക്കത്തിന് ജോസഫില്ലെന്നിരിക്കെ, ഇന്ന് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ അദ്ദേഹവുമായി നടത്തുന്ന ചർച്ചയെ ചൊല്ലിയും ആകാംക്ഷയേറി.

കോൺഗ്രസ് നേതൃത്വവുമായി ജോസഫിനുള്ള അടുപ്പമാണ് ജോസഫിന്റെ നീക്കങ്ങളെ സംശയത്തോടെ വീക്ഷിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേള തൊട്ട് കോൺഗ്രസ്- ജോസഫ് ഗൂഢനീക്കങ്ങൾ ആരംഭിച്ചതാണെന്ന് അവർ സംശയിക്കുന്നു. ചെങ്ങന്നൂരിൽ എൽ.ഡി.എഫിന് മാണി പിന്തുണ പ്രഖ്യാപിക്കുമെന്ന് തോന്നിച്ച ആദ്യഘട്ടത്തിൽ തന്നെ ആ സാദ്ധ്യത ഇല്ലാതാക്കിക്കളഞ്ഞത് ജോസഫായിരുന്നു. പ്രചാരണം അവസാനഘട്ടമായപ്പോഴേക്കും നാടകീയമായ നീക്കങ്ങളിലൂടെ മാണിയെ തിരിച്ച് യു.ഡി.എഫ് പാളയത്തിലെത്തിക്കാൻ കരുക്കൾ നീക്കിയതും ജോസഫാണ്. മാണി ഇടതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് മാണിക്ക് പോയേനെയെന്നും അതില്ലാതാക്കിയത് ജോസഫാണെന്നും മാണിഗ്രൂപ്പിൽ പ്രബലവിഭാഗം കരുതുന്നുമുണ്ട്. ഇടക്കാലത്ത് ഇടതുപാളയത്തിലേക്ക് ചേക്കേറാൻ സി.പി.എമ്മുമായും മാണി വിലപേശൽ നടത്തിയെന്ന് കരുതുന്ന കോൺഗ്രസ് നേതൃത്വം, മാണിയുടെ പ്രമാണിത്തം ഇല്ലാതാക്കാൻ ജോസഫിനെ ഉപയോഗിച്ചുവെന്നാണ് സി.പി.എം ഉന്നതകേന്ദ്രങ്ങളുടെയും വിലയിരുത്തൽ. ഇതെല്ലാമാണ് പ്രശ്നത്തിൽ തലയിടേണ്ടെന്ന നിലപാടിലേക്ക് സി.പി.എമ്മിനെ എത്തിച്ചതും.

എന്നാൽ, ഇൗ തർക്കം യു.ഡി.എഫിൽ സൃഷ്ടിച്ച പ്രതിസന്ധി മുതലെടുത്ത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ തന്നെയാണ് സി.പി.എം നീക്കം. വർക്കിംഗ് പ്രസിഡന്റിന് പാർട്ടിയിൽ വിലയില്ലെന്ന കോടിയേരിയുടെ പരിഹാസം പോലും ജോസഫ് വിഭാഗത്തെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.