photo

നെടുമങ്ങാട്: അമ്മദൈവങ്ങൾ അനുഗ്രഹിച്ചെഴുന്നള്ളിയ അസുലഭ നിമിഷങ്ങൾക്ക് നെടുമങ്ങാട് നഗരം ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ചു. നഗരമദ്ധ്യത്തെ മുത്തുമാരിയമ്മൻ, മുത്താരമ്മൻ, മേലാങ്കോട് ദേവീക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഇന്നലെ രാത്രി പത്തരയോടെ നടന്ന എഴുന്നള്ളത്താണ് ഭക്തി നിർഭരമായത്. കോയിക്കൽ മഹാദേവ ക്ഷേത്രത്തിൽ സംഗമിച്ച എഴുന്നള്ളത്ത് ഘോഷയാത്രകളെ കുത്തിയോട്ട-പൂമാല നേർച്ചക്കാർ എതിരേറ്റു. അവരെ അനുഗ്രഹിച്ച് തിരികെ ക്ഷേത്രങ്ങളിൽ എത്തിയ ദേവിമാർ നേർച്ചക്കാരെ ചൂരൽ കുത്തി നിണമണിയിച്ചു. കുത്തിയോട്ട നേർച്ചക്കാർ ക്ഷേത്രങ്ങൾ വലംവെച്ച് ദേവിയെ വണങ്ങി അനുഗ്രഹങ്ങൾ കൈക്കൊണ്ടാണ് മടങ്ങിയത്. ഓരോ ക്ഷേത്രത്തിലെയും കുത്തിയോട്ട നേർച്ചക്കാർ മറ്റ് രണ്ട് ക്ഷേത്രങ്ങളിലുമെത്തി. മൂന്ന് സമുദായങ്ങളുടെ നിയന്ത്രണത്തിൽ വെവ്വേറെ നടത്തുന്ന ഉത്സവത്തിലെ ഏറ്റവും സവിശേഷമായ ആചാരമാണ് ഇത്. ഭക്തർ സമഭാവനയുടെ മന്ത്രങ്ങൾ ഉരുവിട്ട് അമ്മമാരുടെയും മഹാദേവന്റെയും സന്നിധിയിൽ വണങ്ങി മടങ്ങി. മൂന്നര നൂറ്റാണ്ടായി നെടുമങ്ങാട്ടുകാർ ഒരേമനസോടെ ആഘോഷിച്ചു വരുന്ന അമ്മൻകൊട-കുത്തിയോട്ട മഹോത്സവത്തിലെ സുപ്രധാന ചടങ്ങാണ് അമ്മമാരുടെ എഴുന്നള്ളത്ത്. ക്ഷേത്രങ്ങളുടെ പരിസരവും നെടുമങ്ങാട് നഗരവും കാൽ കുത്താൻ ഇടമില്ലാത്ത വിധം തിരക്കിൽ മണിക്കൂറുകളോളം വീർപ്പുമുട്ടി. പുലർച്ചെ മുത്താരമ്മൻ, മുത്തുമാരിയമ്മൻ ക്ഷേത്രങ്ങളിൽ നടന്ന മുത്തെടുപ്പ് ചടങ്ങുകളോടെ ഇക്കൊല്ലത്തെ അമ്മൻകൊട -കുത്തിയോട്ട മഹോത്സവത്തിന് പരിസമാപ്തിയായി. മുത്തുമാരിയമ്മൻ ദേവസ്ഥാനത്ത് ഭരണസമിതി പ്രസിഡന്റ് എസ്. മുരുകൻ, ജനറൽ സെക്രട്ടറി എ. ഹരികുമാർ, ട്രഷറർ എ. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.