വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് കൂറ്റൻ ക്രയിനുകളും പുത്തൻ ടഗ്ഗുകളും എത്തുന്നു. ജപ്പാനിൽ നിന്നുള്ള ആദ്യ ടഗ്ഗ് യാത്രതിരിച്ചു. ചൈനീസ് കമ്പനിയായ ഇഡെസ് പി.എം.സിയിൽ നിന്ന് 32 കൂറ്റൻ ക്രെയിനുകളാണ് എത്തുന്നത്. തുറമുഖ നിർമ്മാണ കരാറനുസരിച്ചാണ് അദാനി ഗ്രൂപ്പ് ഇവ വിഴിഞ്ഞത്ത് എത്തിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ നാല് ടഗ്ഗുകളാണ് അദാനി ഗ്രൂപ്പ് വാങ്ങുന്നത്. ജപ്പാനി കോവേ കമ്പനി നിർമ്മിച്ച ആദ്യ ടഗ്ഗ് ഡോൾഫിൻ 26 ആണ് യാത്ര തിരിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം ഇവിടെ എത്തുമെന്നും അദാനി ഗ്രൂപ്പ് അധികൃതർ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാകുന്നതോടെ ചരക്കുനീക്കം നടത്തുന്നതിനാണ് ക്രെയിനുകളും ടഗ്ഗുകളും എത്തിക്കുന്നത്. മറ്റു ടഗ്ഗുകളുടെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് അവയും വിഴിഞ്ഞത്തെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.