thomas-issac

തിരുവനന്തപുരം: നോട്ടുനരോധനം ചപലബുദ്ധിയായ ഒരു ഭരണാധികാരിയുടെ ഭ്രാന്തൻ നടപടിയായിരുന്നു എന്ന വിമർശനം ശരിവെയ്ക്കുന്ന രേഖകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അത് എന്തിനു വേണ്ടിയാണെന്നും ആർക്കുവേണ്ടിയാണെന്നുമുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്നും ധനമന്ത്രി ടി.എം.തോമസ്ഐസക്ക് പ്രസ്താവനയിൽ പറഞ്ഞു.

കള്ളപ്പണത്തെ നേരിടാൻ ഇതുപോലൊരു ഉടന്തടിച്ചാട്ടം കൊണ്ട് ഒരു ഫലവുമുണ്ടാക്കില്ലെന്ന്, ഈ പ്രഖ്യാപനം വരുന്നതിന് രണ്ടര മണിക്കൂർ മുമ്പു നടന്ന യോഗത്തിൽപ്പോലും റിസർവ് ബാങ്ക് മുന്നറിയിപ്പു നൽകിയിരുന്നു എന്ന് ബോർഡ് യോഗത്തിന്റെ മിനിട്സിൽ തെളിവുണ്ട്. വിവരാവകാശനിയമപ്രകാരം പുറത്തുവന്ന ആ രേഖ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാപട്യത്തിൽ തറഞ്ഞ അവസാനത്തെ ആണിയാണ്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒരു നട്ടപ്പാതിരയ്ക്ക് എടുപിടിയെന്ന് അസാധുവാക്കിയതുകൊണ്ട് കള്ളപ്പണം പിടികൂടാൻ കഴിയില്ലെന്ന് സാമ്പത്തികശാസ്ത്രത്തിന്റെ പ്രാഥമിക പാഠം അറിയുന്നവർ 2016 നവംബർ 8ന് ഈ പ്രഖ്യാപനം പുറത്തു വന്നതിന്റെ തൊട്ടടുത്ത നിമിഷം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. കാരണം, നോട്ടുകളിൽ ശേഖരിച്ച നിലയിലല്ല കള്ളപ്പണം സൂക്ഷിക്കുന്നത്. സ്വർണം, റിയൽ എസ്റ്റേറ്റ്, മറ്റു നക്ഷേപങ്ങൾ എന്നിങ്ങനെയാണ് കള്ളപ്പണശേഖരം. അതുകൊണ്ട് നോട്ടു നരോധിച്ചാൽ കള്ളപ്പണം പിടികൂടാനാവില്ല.റിസർവ് ബാങ്കും ആ മുന്നറിയിപ്പു നൽകിയിരുന്നു. അതുപോലും മോദി അവഗണിച്ചു. ഐസക്ക് കുറ്റപ്പെടുത്തി.