കേന്ദ്ര കമ്മിഷന് പരാതിയുമായി ബി.ജെ.പി; നിലപാട് ആവർത്തിച്ച് മീണ
തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പിന് പ്രചാരണായുധമാക്കുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞത് വിവാദമായിരിക്കെ അദ്ദേഹം നിലപാട് ആവർത്തിച്ചു. എന്നാൽ, ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് നിർദ്ദേശിച്ച ടിക്കാറാം മീണയെ ചീഫ് ഇലക്ടറൽ ഒാഫീസർ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അഡ്വ. കൃഷ്ണദാസ് പി. നായർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി. ടിക്കാറാം മീണയുടെ നടപടി ഭരണഘടനയ്ക്കും ജനപ്രാതിനിധ്യ നിയമത്തിനും വിരുദ്ധമാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഇത്തരത്തിൽ പ്രതികരിക്കുന്നത് നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. ഭരണത്തിലിരിക്കുന്ന പാർട്ടിയെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നിർദ്ദേശം. ഇത്തരത്തിൽ പ്രസ്താവന നടത്തിയത് ചട്ടലംഘനമാണോ എന്നതടക്കം കമ്മിഷൻ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. എന്നാൽ, തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ടിക്കാറാം മീണ ഇന്നലെ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സാമൂഹ്യവിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ഉന്നയിക്കാം. എന്നാൽ മതവിഷയങ്ങൾ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാണ്. ഇത് രാഷ്ട്രീയ പ്രതിനിധികൾകൂടി അംഗങ്ങളായ യോഗത്തിലുണ്ടായ തീരുമാനമാണ്. അത് പാലിക്കാനുള്ള ബാദ്ധ്യത എല്ലാ പാർട്ടികൾക്കുമുണ്ട്. തിരഞ്ഞെടുപ്പിൽ ഇത്തരം കാര്യങ്ങൾ കർശനമായി നിരീക്ഷിക്കുമെന്നും ലംഘനമുണ്ടായാൽ നടപടിയെടുക്കുമെന്നും ടിക്കാറാം മീണ അഭിമുഖത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച, ഇന്ന് രാവിലെ നടക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിൽ പ്രശ്നം കൂടുതൽ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഇടയാക്കിയേക്കും. ആരാധനാസ്വാതന്ത്ര്യം എന്ന നിലയിൽ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിക്കുമെന്ന് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും മുഖ്യ പ്രചാരണായുധം ശബരിമല തന്നെയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
''ഏറെ കോളിളക്കമുണ്ടാക്കിയ ശബരിമല സംഭവം ചർച്ചചെയ്യരുതെന്ന് പറയാനാകില്ല. മതധ്രുവീകരണമുണ്ടാക്കരുതെന്നതാണ് തിരഞ്ഞെടുപ്പ് ചട്ടം. ഇന്ന് നടക്കുന്ന, തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച യോഗത്തിൽ വിഷയം ഉന്നയിക്കും.
-പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല