തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി തൊളിക്കോട് മുസ്ളിം ജമാഅത്തിലെ മുൻ ഇമാം ഷെഫീഖ് അൽഖാസിമിയെ (39) പോക്സോ കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന മധുര, കോയമ്പത്തൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താൻ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. 15ന് വെെകിട്ട് അഞ്ചു മണിക്ക് പൊലീസ് കസ്റ്രഡി കഴിഞ്ഞ് പ്രതിയെ ഹാജരാക്കണമെന്നാണ് കോടതി നിർദ്ദേശം.
ഇമാമിനെ വിതുരയിൽ എത്തിച്ചു
വിതുര: ഇമാമിനെ ഇന്നലെ വിതുരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകിട്ട് നാലു മണിയോടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇമാമിനെ കൊണ്ടുവന്നത്. പീഡനം നടന്ന പേപ്പാറ പട്ടൻകുളിച്ചപാറ വനമേഖലയിൽ എത്തിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിതുരയിൽ പഠിക്കാൻ വന്ന പെൺകുട്ടിയെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് കടത്തിക്കൊണ്ടുവന്നതെന്ന് ഷെഫീഖ് പൊലീസിനോട് സമ്മതിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾ കാർ തടഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നും അവരുമായി വാക്ക് തർക്കത്തിലേർപ്പെട്ടെന്നും ഇമാം പറഞ്ഞു. പെൺകുട്ടിയുടെ വീടുമായുണ്ടായിരുന്ന ബന്ധം മുതലാക്കിയാണ് വനത്തിൽ കൊണ്ടുപോയതെന്നും ഷെഫീഖ് പൊലീസിനോട് പറഞ്ഞു. പീഡനം നടന്ന സ്ഥലത്തുവച്ച് അരമണിക്കൂറോളം ചോദ്യം ചെയ്തു. പെൺകുട്ടിയെ കാറിൽ കയറ്റിയ വിതുര ഹൈസ്കൂൾ ജംഗ്ഷനിലും തൊളിക്കോട് ഇരുത്തലമൂലയിൽ ഇമാം നിർമ്മിക്കുന്ന വീട്ടിലുമെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. അതീവ രഹസ്യമായാണ് തെളിവെടുപ്പ് നടത്തിയത്. സംഭവമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോഴേക്കും തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം വിതുര വിട്ടു.