nalini-netto

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിലെയും സർക്കാരിലെയും ചില ഉന്നതരുമായുള്ള ശീതസമരമാണ് കാരണമെന്നാണ് വിവരം. ഇന്നലെ ഉച്ചയോ‌ടെ രാജിക്കത്ത് നൽകിയിട്ട് പോവുകയായിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാസെക്രട്ടറിയായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി സ്ഥാനം എം.വി. ജയരാജൻ ഒഴിഞ്ഞതിന് പിന്നാലെയാണ് നളിനി നെറ്റോയുടെയും രാജി. എം.വി. ജയരാജന് പകരം സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ആരെങ്കിലുമോ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് പുനഃപ്രവേശനം നൽകിയ പി. ശശിയോ വരുമെന്ന സൂചനകളുണ്ട്. ചില ഉന്നതോദ്യോഗസ്ഥരെയും പരിഗണിക്കുന്നതായി അറിയുന്നു. മുഖ്യമന്ത്രിയുടെ താല്പര്യമാകും അന്തിമം.

ചീഫ്സെക്രട്ടറിയായി വിരമിച്ച നളിനി നെറ്റോയെ അതേ റാങ്കിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ഫയലുകൾ നളിനി നെറ്റോ കണ്ട ശേഷം മാത്രം വിട്ടാൽ മതിയെന്നായിരുന്നു ധാരണ. ആദ്യമൊക്കെ ഈ നിർദ്ദേശം പാലിക്കപ്പെട്ടിരുന്നെങ്കിലും കുറച്ചുനാളുകളായി തന്ത്രപ്രധാനമായ ഫയലുകളൊന്നും അവരെ കാണിക്കാറില്ല. മറ്റ് ചില ഉന്നതരാണ് ഫയലുകളിൽ തീരുമാനമെടുക്കുന്നത്.

സർക്കാർ നയപരമായ തീരുമാനമെടുക്കാതിരുന്ന ഹാരിസൺ അടക്കമുള്ള തോട്ടമുടമകളുടെ കരം സ്വീകരിക്കുന്നതിന്റെയും ക്വാറികൾ തുറക്കാൻ കളക്ടർമാർക്ക് അനുമതി നൽകുന്നതിന്റെയും വിവാദ ഫയലുകൾ മന്ത്രിസഭായോഗത്തിന് മുന്നിലെത്തിയതിന് പിന്നിൽ ഇത്തരം ചില ഇടപെടലുകളാണെന്ന് ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയലുകൾ കൈകാര്യം ചെയ്തിരുന്ന രണ്ട് ഉന്നതർക്കെതിരെ അഴിമതിയാരോപണം ഉയരാമെന്ന് നളിനി നെറ്റോ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയുമുണ്ടായി. എന്നാൽ ഇതിലൊരു കാര്യവുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ പറയുന്നു. ഫയലുകളിൽ കൃത്യമായ അഭിപ്രായം പറയാൻ നളിനി നെറ്റോയ്ക്ക് കഴിയാത്തതിനാൽ ഫയലുകൾ അവരെ കാണിക്കാതായെന്നും ഇതേത്തുടർന്ന് കാര്യമായ ജോലിയില്ലാതെ വന്നപ്പോൾ അവർ ഒഴിയാൻ സന്നദ്ധയായെന്നുമാണ് വിവരം.

ചീഫ് പ്രിൻസിപ്പൽസെക്രട്ടറിയായി ഇനി ആരെയും നിയമിക്കാനിടയില്ല.