india-australia-one-day
india australia one day

ന്യൂഡൽഹി : ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയത്തിൽ ഇന്ത്യയുടെയും ആസ്ട്രേലിയയുടെയും ക്രിക്കറ്റ് ടീമുകൾക്ക് ഇന്ന് ഫൈനൽ ദിനം. അഞ്ച് മത്സര പരമ്പരയിലെ അവസാന ഏകദിനം പരമ്പര വിജയിയെ കണ്ടെത്താനുള്ള വേദി എന്ന തിനുപുറമേ ലോകകപ്പിന് മുമ്പ് ആത്മവിശ്വാസത്തിന്റെ വെന്നിക്കൊടി പാറിക്കാനുള്ള അവസാന അവസരം കൂടിയാണിത്.

ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടന്ന കഴിഞ്ഞ നാല് ഏകദിനങ്ങളിൽ രണ്ടെണ്ണം വീതം പങ്കുവയ്ക്കുകയായിരുന്നു. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റിനും നാഗ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ എട്ട് റൺസിനും ഇന്ത്യൻ ജയം. റാഞ്ചിയിൽ 32 റൺസിന് ജയിച്ച് ആസ്ട്രേലിയ തിരിച്ചുവരവിന് തുടക്കമിട്ടു. മൊഹാലിയിൽ കംഗാരുക്കൾ നാലുവിക്കറ്റിന് ജയിച്ചതോടെ പരമ്പര 2-2ന് സമനിലയിൽ. ഇതോടെ ലോകകപ്പിന് തൊട്ടുമുമ്പ് സ്വന്തം നാട്ടിൽ ഒരു പരമ്പര നഷ്ടമാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് വിരാട് കൊഹ്‌ലിയും കൂട്ടരും സമ്മർദ്ദത്തിലാണ്. അതുകൊണ്ടുതന്നെ ഒരു ഫൈനൽ മത്സരത്തിന്റെ പ്രാധാന്യത്തോടെ അവസാന ഏകദിനത്തെ സമീപിക്കുന്നത്.

പരമ്പരയുടെ കഥ ഇങ്ങനെ

ആദ്യ ഏകദിനം

ഹൈദരബാദിൽ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയയെ 236/7 ൽ ഒതുക്കിയ ഇന്ത്യ 48.2 ഒാവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ധോണി (59), കേദാർ യാദവ് (81) എന്നിവരുടെ അർദ്ധ സെഞ്ച്വറികൾ 99/4 ൽനിന്ന് ഇന്ത്യയെ ജയത്തിലെത്തിച്ചു.

രണ്ടാം ഏകദിനം

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 250ൽ ഒതുങ്ങി. ക്യാപ്ടൻ കൊഹ്‌ലി (116) സെഞ്ച്വറി നേടി. മറുപടിക്കിറങ്ങിയ ഒാസീസിനെ അവസാന ഒാവറിൽ 242 ന് ആൾ ഒൗട്ടാക്കി വിജയാഘോഷം. 46 റൺസും ലാസ്റ്റ് ഒാവറിലെ രണ്ട് വിക്കറ്റുകളും നേടിയ വിജയ് ശങ്കറിന്റെ പ്രകടനം നിർണായകമായി.

മൂന്നാം ഏകദിനം

റാഞ്ചിയിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഒാസീസിന്റെ 313/5 എന്ന സ്കോറിനെതിരെ ഇന്ത്യ 281 ൽ ഒതുങ്ങി. ഒാസീസിന് വേണ്ടി ഖ്വാജ (104) സെഞ്ച്വറിയും ഫിഞ്ച് (93) അർദ്ധ സെഞ്ച്വറിയും നേടി. കൊഹ്‌ലിയുടെ തുടർച്ചയായ രണ്ടാം സെഞ്ച്വറി (123) വിഫലമായി.

നാലാം ഏകദിനം

ഇരു ഇന്നിംഗ്സുകളിലുമായി 717 റൺസ് പിറന്ന മത്സരം. ധവാൻ (143) രോഹിത് (95) ഒാപ്പണിംഗ് സഖ്യം തിളങ്ങിയപ്പോഴാണ് ഇന്ത്യ 358/9 ലെത്തിയത്. ഉസ്‌മാൻ ഖ്വാജയും (91), പീറ്റർ ഹാൻഡ് സ്കോംമ്പും (117) അവസാന ഒാവറുകളിൽ ടർണറും (84 നോട്ടൗട്ട്), കാരേയും (21) തകർത്തടിച്ചപ്പോൾ വിജയം ആസ്ട്രേലിയയ്ക്ക് .

കോട്‌ലിയിലെ നിർണായക ഘടകങ്ങൾ

. മൊഹാലിയിലേതുപോലെ രാത്രിയിലെ മഞ്ഞുവീഴ്ച ഡൽഹിയിലും ബൗളർമാരുടെ ജോലി ദുഷ്കരമാക്കും.

. ടോസ് കിട്ടിയിട്ടും ആദ്യം ബാറ്റ് ചെയ്തതാണ് മൊഹാലിയിൽ കൊഹ്‌ലിക്ക് പണിയായത്.

. ഫീൽഡിംഗിലെ പിഴവുകൾ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്.

. വിക്കറ്റ് കീപ്പിംഗിൽ ധോണിയോളം കരുത്ത് ഋഷഭ് പന്തിന് ഇല്ലാത്തതും തിരിച്ചടിയാണ്.

. ആഷ് ടൺ ടർണറുടെ മികച്ച ഫോമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. പരിക്കേറ്റ സ്റ്റോയ്‌നിസിന് പകരമാണ് ടർണർക്ക് അവസരം ലഭിച്ചത്.

. ഉസ്മാൻ ഖ്വാജ, മാക്സ്‌വെൽ, ഹാൻഡ്സ് കോംബ് എന്നിവർക്കൊപ്പം ടർണറും കൂടി മിന്നിയാൽ ഇന്ത്യൻ ബൗളർമാർ കഷ്ടപ്പെടും.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : ധവാൻ , രോഹിത്, കൊഹ്‌ലി, കെ.എൽ. രാഹുൽ/അമ്പാടി റായ്ഡു , ഋഷഭ് പന്ത്, കേദാർ യാദവ്, വിജയ് ശങ്കർ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, ജസ്‌പ്രീത് ബുംറ.

ആസ്ട്രേലിയ : ഉസ്മാൻ ഖ്വാജ, ആരോൺ ഫിഞ്ച്, ഷോൺ മാർഷ്, പീറ്റർ ഹാൻഡ്സ് കോംബ്, ഗ്ളെൻ മാക്‌സ്‌‌വെൽ, ആഷ്ടൺ ടർണർ, അലക്സ് കാരേയ്, കമ്മിൻസ്, ലിയോൺ റിച്ചാർഡ്സൺ, ആദം സാംപ.

2009

നുശേഷം ആസ്ട്രേലിയ ഇന്ത്യയിൽ ഏകദിന പരമ്പര വിജയം നേടിയിട്ടില്ല.

2020

ൽ നിലവിൽ വരുന്ന ഏകദിന ലീഗ് കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള അവസാന അഞ്ച് മത്സര പരമ്പരയായിരിക്കും ഇത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മഞ്ഞ് ഞങ്ങൾക്ക് പ്രതികൂലമായിരുന്നു. പക്ഷേ അതൊരു ഒഴിവുകഴിവായി പറയാനാവില്ല. അഞ്ച് വിക്കറ്റ് നഷ്ടമായിരുന്ന എതിരാളികൾക്ക് ഒരോവറിൽ പത്ത് റൺസിലേറെ നൽകിയത് ഞങ്ങളുടെ പിഴവുതന്നെയാണ്. ഡൽഹിയിൽ അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും.

വിരാട് കൊഹ്‌ലി

ഇന്ത്യൻ ക്യാപ്ടൻ

ടി.വി ലൈവ് ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ